• Sun. Jul 5th, 2026

24×7 Live News

Apdin News

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Byadmin

Jul 5, 2026


കൊട്ടാരക്കര: കൊട്ടാരക്കര മുക്കോണിമുക്കില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പര്‍ ലോറി അപകടത്തിന് കാരണം അമിത വേഗതയും ഡ്രൈവറുടെ ഫോണ്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട്. അപകടം നടക്കുന്ന സമയത്ത് ടിപ്പര്‍ ഡ്രൈവര്‍ നിസാം മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്ന് കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ഗതാഗത കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച സംയുക്ത അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡ്രൈവറുടെ കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡുകള്‍ (സിഡിആര്‍) പരിശോധിച്ചതില്‍ നിന്നാണ് അപകടസമയത്ത് ഇയാള്‍ ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.

അമ്പലപ്പുറം ഭാഗത്ത് നിന്ന് ഇറക്കം ഇറങ്ങി വരുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ വേഗപരിധിയും ടിപ്പര്‍ ലോറി പാലിച്ചിരുന്നില്ല. ജിപിഎസ് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ അപകടസമയത്ത് ലോറിയുടെ വേഗത മണിക്കൂറില്‍ 56 കിലോമീറ്ററിലധികമായിരുന്നുവെന്ന് കണ്ടെത്തി. ആര്‍ടിഒ, കൊട്ടാരക്കര എസ്എച്ച്ഒ, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംയുക്ത സംഘമാണ് അപകടസ്ഥലത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ നിസാം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

കൃത്യമായ പരിശോധനകള്‍ നടത്താതെ 17 വര്‍ഷത്തോളം പഴക്കമുള്ള ടിപ്പര്‍ ലോറിക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കരുനാഗപ്പള്ളി സബ് ആര്‍ടിഒയിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധിന്‍ ഗോപി, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്. എസ്. കുമാര്‍ എന്നിവരെ ഗതാഗത വകുപ്പ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജൂണ്‍ 23നാണ് കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ് ഉള്‍പ്പെടെ മൂന്ന് പേരുടെ ജീവന്‍ കവരുകയും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റതുമായ ദാരുണ അപകടമുണ്ടായത്.



By admin