• Sat. Jul 26th, 2025

24×7 Live News

Apdin News

കൊനേരു ഹംപിയും ഫിഡെ ലോക വനിതാ ചെസ്സിന്റെ ഫൈനലില്‍; ചരിത്രത്തില്‍ ആദ്യമായി രണ്ട് ഇന്ത്യക്കാരികള്‍ തമ്മിലുള്ള ഫൈനല്‍

Byadmin

Jul 25, 2025



ജോര്‍ജ്ജിയ:  ആഗോള ചെസ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഫിഡെ ലോക വനിതാ ചെസ്സില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖിന് പിന്നാലെ ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയും ഫൈനലില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ചു. ഫിഡെ ലോക വനിതാ ചെസ്സിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ എത്തുന്നത്. പുരുഷ ചെസ്സില്‍ ഇന്ത്യയുടെ ഒരു പിടി കൗമാരപ്രതിഭകള്‍ ലോകത്തിലെ ആദ്യ പത്ത് റാങ്കുകളില്‍ മുന്‍നിരസ്ഥാനങ്ങള്‍ കയ്യാളിയിട്ടുണ്ട്. ഇപ്പോഴിതാ വനിതാ ചെസ്സിലും ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്നിരിക്കുന്നു.

വ്യാഴാഴ്ച നടന്ന സെമിഫൈനില്‍ 38കാരിയായ കൊനേരു ഹംപി പൊരുതി നേടിയ വിജയമായിരുന്നു. ലോക മൂന്നാം റാങ്കുകാരിയായ ചൈനയുടെ ലെയ് ടിംഗ്ജീയെയാണ് കൊനേരു ഹംപി അട്ടിമറിച്ചത്. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനമേയുള്ളൂ കൊനേരു ഹംപിയ്‌ക്ക്. ആദ്യത്തെ രണ്ട് ക്ലാസിക് മത്സരങ്ങളും സമനിലയില്‍ കലാശിച്ചതോടെ പിന്നീട് വിജയിയെ തീരുമാനിക്കാന്‍ പത്ത് മിനിറ്റിന്റെ റാപിഡ് മത്സരങ്ങള്‍ വേണ്ടിവന്നു. ആദ്യ രണ്ട് വീതം റാപ്പിഡ് മത്സരങ്ങളും സമനിലയിലായി. പക്ഷെ മൂന്നാമത്തെ റാപ്പിഡില്‍ ലെയ് ടിംഗ്ജീ വിയജിച്ചു. ഇതോടെ 3-2 എന്ന നിലയിലായി. പക്ഷെ നിര്‍ണ്ണായകമായ മൂന്നാമത്തെ ഗെയിമില്‍ ഹംപി വിജയിച്ചതോടെ സ്കോര്‍ 3-3. പിന്നെ കളി ബ്ലിറ്റ്സിലേക്ക് നീങ്ങി. വിജയിയെ തീരുമാനിക്കാന്‍ അഞ്ച് മിനിറ്റിന്റെ ബ്ലിറ്റ്സ്. കൂടുതല്‍ വേഗത്തിലുള്ള കരുനീക്കങ്ങള്‍. ഈ കളിയുടെ തുടക്കത്തില്‍ ഹംപി മേല്‍ക്കൈ നീങ്ങി. കളി മെല്ലെ മധ്യഗെയിമിലേക്ക് കടന്നപ്പോഴും ഹംപി മേല്‍ക്കൈ നിലനിര്‍ത്തി. വെറും 23 സെക്കന്‍റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഈ ഗെയിമില്‍ ഹംപി വിജയിച്ചു. അങ്ങിനെ മത്സരം 4-3ന് ഹംപി മുന്നില്‍ എത്തി. രണ്ടാമത്തെ ബ്ലിറ്റ്സില്‍ കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച ഹംപി വീണ്ടും ജയം കൊയ്തു (5-3). ഇവിടെ കൊനേരു ഹംപിയുടെ അനുഭവപരിചയവും നിശ്ചയദാര്‍ഡ്യവും ഗുണം ചെയ്തു. 44ാം നീക്കത്തില്‍ ലെയ് ടിംഗ് ജി വരുത്തിയ ഒരു പിഴവ് കൊനേരു ഹംപി മുതലാക്കി. ഇത് കൊനേരു ഹംപിയ്‌ക്ക് ഒരു രാജ്ഞിയുടെ (ക്വീന്‍) മേല്‍ക്കൈ നേടിക്കൊടുത്തു. ഇതോടെ വിജയത്തിലേക്ക് കടന്ന കൊനേരു ഹംപി മെല്ലെ ചരിത്രത്തിലേക്ക് ചുവടുവെയ്‌ക്കുകയായിരുന്നു. ആന്ധ്ര സ്വദേശിനിയായ കൊനേരു ഹംപി ഇപ്പോള്‍ ഒഎന്‍ജിസിയില്‍ ജീവനക്കാരിയാണ്.

ഇനി ഫൈനലില്‍ കൊനേരു ഹംപി ഇന്ത്യയുടെ തന്നെ 19 കാരി ദിവ്യ ദേശ്മുഖിനെ നേരിടും. നേരത്തെ സെമിയില്‍ ദിവ്യ ദേശ് മുഖ് ലോക എട്ടാം നമ്പര്‍ താരമായ ചൈനയുടെ തന്നെ ടാന്‍ സോംഗിയെ തോല്‍പിച്ചു. ദിവ്യ ദേശ് മുഖിന്റെ ലോക റാങ്കിംഗ് 18 മാത്രമാണ്. ദിവ്യ ദേശ്മുഖ് ടാന്‍ സോംഗിയെ അനായാസമാണ് നേരിട്ടത്. ദിവ്യ ദേശ്മുഖിന്റെ ചെസ്സിലെ നിര്‍ഭയമായ കരുനീക്കങ്ങള്‍ക്ക് ലോകമാകെ പ്രശംസ ലഭിക്കുകയാണ്. ഇത്രയും പിരിമുറുക്കമുള്ള സെമിയില്‍ ദിവ്യ തീരെ സമ്മര്‍ദ്ദമില്ലാതെ കളിച്ചു എന്നത് എല്ലാവര്‍ക്കും അത്ഭുതമായി തോന്നുന്നു.

ജൂലായ് 26 ശനിയാഴ്ചയാണ് ഫൈനല്‍. അന്നത്തെ കളി സമനിലയില്‍ പിരിഞ്ഞാല്‍ ജൂലായ് 27ന് രണ്ടാം ഗെയിം നടക്കും. ഇതും സമനിലയില്‍ കലാശിച്ചാല്‍ ജൂലായ് 28ന് ഇരുവരും ടൈബ്രേക്കിനായി പോരാടും.

 

By admin