കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.
സുരക്ഷാ ജീവനക്കാരനോട് സെക്യൂരിറ്റി റൂം തയ്യാറാക്കി വെക്കാന്‍ പ്രതികള്‍ നിര്‍ദ്ദേശിക്കുകയും ആവശ്യത്തിന് വെള്ളവും ബെഡ്ഷീറ്റും ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം. കൃത്യത്തിന് പിന്നാലെ പ്രതികള്‍ സെക്യൂരിറ്റി റൂമില്‍ മദ്യപിക്കുകയും ശേഷം അടുത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനി പരാതി നല്‍കില്ലെന്ന് പ്രതികള്‍ കരുതി. അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ സഹായത്തിനായി രാഷ്ട്രീയ നേതാക്കളെയടക്കം ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി.
അതേസമയം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കനത്ത പൊലീസ് സുരക്ഷയില്‍ പ്രതികളെ കോളേജില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. പ്രതികള്‍ സ്ഥിരം ശല്യക്കാരാണെന്നാണ് പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് മുന്‍ സഹപാഠി വെളിപ്പെടുത്തിയിരുന്നു.
ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ വെച്ച് നിയമവിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് കൃത്യം നടക്കുന്ന ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.