കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ് യുവതിക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരമാണ് മാധ്യമങ്ങളുമായി പങ്കുവെച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു . സ്ത്രീ മരിക്കാനിടയായ സംഭവം ജില്ലാ കളക്ടര്‍ അന്വേഷിക്കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്.
68 വര്‍ഷം മുന്‍പ് ഉണ്ടായ കെട്ടിടം ആണ്. മുഖ്യമന്ത്രി സംഘടിപ്പിച്ച റീജിയണല്‍ മീറ്റിങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് താനും മന്ത്രി വാസവനും അപകടവിവരം അറിഞ്ഞത്. ജെസിബി എത്തിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധിച്ചു, ഉള്ളില്‍ ആരുമില്ല എന്ന വിവരമാണ് തങ്ങളോട് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ പറഞ്ഞ കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ വിശദീകരിച്ചതെന്നും ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. അതേവിവരമാണ് മാധ്യമങ്ങളോട് പങ്കുവെച്ചതെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
മെയ് 30 ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ജൂലൈ 31 ന് അകം മാറ്റാന്‍ ആണ് തീരുമാനം വന്നത്. 2013ലെ കത്തില്‍ തന്നെ ഈ കെട്ടിടം അപകടത്തില്‍ എന്ന് കണ്ടെത്തി അറിയിച്ചിരുന്നു. പക്ഷേ 2016 ല്‍ ആണ് ഫണ്ട് അനുവദിക്കാന്‍ പോലും തയാറായത്. 2021-22 കാലഘട്ടത്തിലാണ് എട്ട് നിലകളിലുള്ള കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഷിഫ്റ്റിംഗ് അടിയന്തരമായി നടത്തണമെന്ന് തീരുമാനിച്ച് മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് അപകടമുണ്ടായത്. ദുഃഖകരമായ കാര്യണ്. ജില്ലാ കളക്ടര്‍ പരിശോധിക്കട്ടെ – മന്ത്രി വ്യക്തമാക്കി.