കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ബിന്ദു മരിക്കാനിടയായ സംഭവത്തില്‍ ഹൈകോടതിയില്‍ ഹരജി. മനുഷ്യാവകാശ പ്രവര്‍ത്തകരായ ജി. സാമുവല്‍, ആന്റണി അലക്‌സ്, പി.ജെ. ചാക്കോ എന്നിവരാണ് ഹരജി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
അതേസമയം തിരുവനന്തപുരം മെഡി. കോളജിലെ ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളും ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് കോട്ടയം മെഡി. കോളജിലുണ്ടായ സംഭവമെന്നും ഹരജിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴകിയ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിത്സക്കായി വന്നതായിരുന്നു യുവതി. ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കെട്ടിടം തകര്‍ന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. കെട്ടിടം തകര്‍ന്നുവീണതിന് പിന്നാലെ സംഉഭവസ്ഥലത്തെത്തിയ മന്ത്രിമാരായ വീണ ജോര്‍ജും വി.എന്‍. വാസവനും നടത്തിയ പ്രതികരണമാണ് രക്ഷാപ്രവര്‍ത്തനം വൈകിച്ചതും ബിന്ദുവിന്റെ മരണത്തിന് കാരണമെന്നും പ്രതിപക്ഷം പറഞ്ഞു.