ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി. 10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും.
തമിഴ്‌നാടിനും തമിഴ് ജനതയുടെ പുരോഗതിക്കും സുപ്രധാന സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 2006 മുതൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയതാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’. കെ.എം. ഖാദർ മൊയ്തീൻ സാഹിബിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്. തമിഴ് പൈതൃകം സമ്പന്നമാക്കുന്ന, വിവിധ മേഖലകളിൽ തമിഴ് സമൂഹത്തിന് മികച്ച സേവനം നൽകിയ വ്യക്തിത്വങ്ങളെയാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’ നൽകി ആദരിക്കുന്നത്.
തമിഴ് കവി അബ്ദുറഹ്‌മാൻ, എഴുത്തുകാരൻ പൊന്നീലൻ, ഐ.എ.എസ് ഉദ്യോഗസ്ഥനും തമിഴ് എഴുത്തുകാരനുമായ വി. ഇരൈ അൻപ്, അമർ സേവാ സംഘം സ്ഥാപകൻ എസ്. രാമകൃഷ്ണൻ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ അവാർഡ് സ്വീകരിച്ചത്. ഈ പുരസ്‌കാരം എല്ലാ പ്രവർത്തകർക്കും ലഭിച്ച അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി നവാസ് കനി എം.പി പറഞ്ഞു.