ജീവൻ രക്ഷിക്കാനായി ചികിത്സ തേടിയെത്തിയ സ്ത്രീ സർക്കാർ അനാസ്ഥയുടെ ഇരയായി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. ആശുപത്രിയിലെ പതിനാലാം വാർഡിലെ കെട്ടിടമാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്.
കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. സർജറി ഓർത്തോ പീഡിക്‌സിന്റെ സർജറി വിഭാഗമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് മന്ത്രി വീണ ജോർജ്ജ് നേരത്തെ പറഞ്ഞത്. എന്നാൽ പിന്നീടുള്ള തിരച്ചിലിനിടെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തനം വൈകിയതാണ് മരണ കാരണം. രണ്ടര മണിക്കൂറാണ് യുവതി കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നത്.