ന്യൂദൽഹി: രാജ്യസഭാ സ്ഥാനാർത്ഥിത്വം തള്ളിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക എന്നതാണ് അവർക്ക് ഏക പോംവഴിയെന്ന് സുപ്രീംകോടതി നിർദേശിച്ചു.
നാമനിർദ്ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇടപെട്ട ഏതെങ്കിലും വിധിന്യായം കാണിക്കാൻ നടരാജന്റെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു. നാമനിർദ്ദേശം നിരസിക്കപ്പെട്ടുകഴിഞ്ഞാൽ, അതിനുള്ള പ്രതിവിധി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക എന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു. നിലവിൽ രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലപ്രഖ്യാപനവും വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേസിൽ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചെന്ന് കണ്ടെത്തിയതിനെതുടർന്നാണ് മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. കേസിന്റെ വിവരങ്ങൾ മറച്ചുവച്ചെന്ന് ബിജെപി റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. തെലങ്കാനയിലെ കോടതിയിൽ നിലനിൽക്കുന്ന ഒരു ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചെന്നാണ് ബിജെപിയുടെ ആരോപണം.
മീനാക്ഷിയുടെ പേരിൽ ക്രിമിനൽ കേസുകളുണ്ട് എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ തെലങ്കാനയിലെ ഒരു കോൺഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ മീനാക്ഷി നടരാജനെയും കക്ഷിയാക്കിയിരുന്നു. കോൺഗ്രസ് നേതാവിനെതിരെ സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജൻ നടപടിയെടുത്തില്ല എന്നാണ് പരാതിയിൽ ഉണ്ടായിരുന്നത്. കോടതിയിൽ മീനാക്ഷി നടരാജനെതിരെ നോട്ടീസ് അയച്ചെങ്കിലും കുറ്റം ചുമത്തിയിട്ടില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ നാമനിർദ്ദേശപത്രികയിൽ ഇക്കാര്യം രേഖപ്പെടുത്തേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നല്‍കിയത്.