
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ കാരണം വാരാണസിയിലുള്ള ദേവസ്വം സത്രവും കൈവിട്ട് പോകുമെന്ന് വാരാണസി മലയാളി അസോസിയേഷന്‍. രാജഭരണകാലത്ത് വാരാണസിയിലെ ചൗക്കി ഘാട്ടിനും കേദാര്‍ ഘാട്ടിനും ഇടയിലെ സോനാപുരില്‍ ഏക്കര്‍ കണക്കിന് ഭൂമിയും ധര്‍മശാലയും തിരുവിതാംകൂറിന് ഉണ്ടായിരുന്നു. ഈ ഭൂമിയും ധര്‍മശാലാസത്രവും പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. അതില്‍ 10 സെന്റ് സ്ഥലവും സത്രമെന്ന് അറിയപ്പെടുന്ന ഇരുനില കെട്ടിടവും മാത്രമേ ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതായി നിലവിലുള്ളൂ.
ഡോര്‍മിറ്ററി സൗകര്യമുള്ള കെട്ടിടത്തില്‍ ട്രാവന്‍കൂര്‍ ധര്‍മശാല, സത്രം എന്ന് മലയാളത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊഴിച്ച് ബാക്കിയുള്ള വസ്തുവകകളെല്ലാം അന്യാധീനപ്പെട്ടു കഴിഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഈ സത്രവും, ധര്‍മശാലയും അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ ബോര്‍ഡ് അംഗം എ.എം. തങ്കപ്പന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്. പ്രകാശ്, ചീഫ് എന്‍ജിനീയര്‍ അജിത് കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ റെജി കുമാര്‍ എന്നിവരടങ്ങുന്ന സംഘം ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.
കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ അന്യാധീനപ്പെടാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവിലുള്ള സ്വത്തുക്കളുടെ സംരക്ഷണത്തിന് കാശി മലയാളി സമിതിക്കും രൂപം നല്‍കിയിരുന്നു എന്നാല്‍ തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല.
നാലായിരം ചതുരശ്ര അടിയിലേറെയുള്ള ഇരുനില കെട്ടിടവും അതിനുള്ളില്‍ ഒരു ക്ഷേത്രവുമാണ് ഇവിടെ ഇപ്പോഴുള്ളത്. 25 കോടി വിലമതിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോള്‍ തര്‍ക്കത്തിലായിരിക്കുന്നു. അടുത്തിടെ കെട്ടിട നവീകരണത്തിന് ഹൈക്കോടതിയുടെ അനുമതിയോടെ രണ്ട് കോടി രൂപയുടെ എസ്റ്റിമേറ്റും പ്ലാനും ദേവസ്വം ബോര്‍ഡ് തയാറാക്കിയിരുന്നു. പണി തുടങ്ങാന്‍ എത്തിയപ്പോഴാണ് നിലവില്‍ കെട്ടിടം കൈവശം വെച്ചിരിക്കുന്നവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. ഈ തര്‍ക്കത്തില്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ ദേവസ്വം ബോര്‍ഡ് ഒരു നടപടിയും സ്വീകരിച്ചില്ല. ഇതില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഏക്കര്‍ കണക്കിന് ഭൂമി അന്യാധീനപ്പെട്ടതുപോലെ അവശേഷിക്കുന്ന സത്രവും നഷ്ടപ്പെട്ടു പോകുമെന്ന് വാരാണസിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.