നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.
തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.