ശബരിമല: ക്ഷേത്രോത്സവങ്ങളിലെ ഭക്‌തിഗാനമേളകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ പ്രസ്‌ഥാനങ്ങളുടേയോ പ്രാര്‍ഥനാഗാനങ്ങള്‍ ആലപിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹിന്ദു ഭക്‌തിഗാനങ്ങള്‍ ആലപിക്കുന്ന ഭക്‌തിഗാനമേളകള്‍ മാത്രമേ ക്ഷേത്രമതിലകത്ത് പാടുള്ളൂവെന്നും ദേവസ്വം കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.
ക്ഷേത്രകലകള്‍ക്ക് പ്രാധാന്യമുള്ള കലാപരി പാടികളാണ് ഉത്സവങ്ങളില്‍ കൂടുതലായി നടത്തേണ്ടതെന്നും നിര്‍ദേശമുണ്ട്. ഹിന്ദു മതവിശ്വാസത്തിനും ക്ഷേത്രാചാരാനുഷ്‌ഠാനങ്ങള്‍ക്കും അനുയോജ്യമായ കലാപരിപാടികള്‍ മാത്രമേ നടത്താന്‍ പാടുള്ളൂ. ഡി.ജെ. പോലുള്ള വാദ്യമേളങ്ങള്‍ ക്ഷേത്ര മതിലകത്ത് നിരോധിച്ചിട്ടുണ്ട്.
ഹിന്ദു മത വിശ്വാസത്തിനും ക്ഷേത്രാചാരത്തിനും എതിരായി എന്തെങ്കിലും വിധത്തിലുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുകയില്ലെയെന്ന് 200 രൂപ മുദ്രപ്പത്രത്തില്‍ ഗ്രൂപ്പ് അസിസ്‌റ്റന്റ് ദേവസ്വം കമ്മിഷണര്‍മാര്‍ക്ക് ക്ഷേത്ര ഉപദേശക സമിതി ബോണ്ട് നല്‍കിയാലേ സംഭാവന കൂപ്പണ്‍ സീല്‍ ചെയ്‌തു കൊടുക്കൂ.
കലാപരിപാടികള്‍, സ്‌റ്റേജ് ക്രമീകരണങ്ങള്‍ മറ്റ് അലങ്കാരങ്ങള്‍ എന്നിവ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി എല്ലാ ഭക്‌തരുടെയും താല്‌പര്യത്തിനും ആചാര അനുഷ്‌ഠാനങ്ങള്‍ക്കും വിധേയമായും കോടതി ഉത്തരവ് അനുസരിച്ചും നടത്തണം.-നിര്‍ദേശത്തില്‍ പറയുന്നു. സാംസ്‌കാരിക പുരാവസ്‌തു വിഭാഗം ഡയറക്‌ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍.