ദുബായ് : എമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി. 2026 ജൂൺ 21-നാണ് ദുബായ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഡ്രൈവർമാർ, യാത്രക്കാർ, മറ്റ് റോഡ് ഉപയോക്താക്കൾ എന്നിവരുടെ ജീവന് ഭീഷണിയാകുന്ന ഏറ്റവും ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളിലൊന്നാണ് ചുവന്ന സിഗ്നലുകൾ മറികടക്കുന്നതെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റെഡ് സിഗ്നൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഈ വർഷം ഇതുവരെ എമിറേറ്റിൽ 41 വാഹനാപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ ഫലമായി നാല് മരണങ്ങൾ സംഭവിക്കുകയും, 55 പേർക്ക് വ്യത്യസ്ത തീവ്രതയുള്ള പരിക്കുകൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
ട്രാഫിക് സിഗ്നലുകൾ മറികടക്കുന്നതും, റോഡ് സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നതും മൂലമുള്ള പ്രധാന അപകടസാധ്യതകൾക്ക് ഈ കണക്കുകൾ അടിവരയിടുന്നു. വാഹനങ്ങൾ ഓടിക്കുന്നവർ അശ്രദ്ധയും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നതാണ്.
അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോണിന്റെ ഉപയോഗം തുടങ്ങിയ വിവിധ കാരണങ്ങളാണ്, നാല്‍ക്കവലകളിലും മറ്റുമുള്ള ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്ക് നയിക്കുന്നത്.