ന്യൂയോര്‍ക്ക്: അന്തര്‍ദേശീയ നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മലയാളിയായ ഗീത ഗോപിനാഥ് പടിയിറങ്ങുന്നു. സെപ്റ്റംബര്‍ 1 ന് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് പ്രൊഫസറായി ഗീത തിരികെ ജോലിയില്‍ പ്രവേശിക്കും.
അന്തര്‍ദേശീയ നാണയനിധിയില്‍ ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നതായും അക്കാദമിക് തലങ്ങളിലേക്ക് മടങ്ങുന്നതായും ഗീത ഗോപിനാഥ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവയ്ക്കും തന്നെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായി നിയമിച്ച ഐഎംഎഫ് മുന്‍ മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡിനും ഗീതാ ഗോപിനാഥ് നന്ദി അറിയിച്ചു. അന്തര്‍ദേശീയ നാണയനിധിയുടെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തിയ ഇന്ത്യക്കാരിയും വനിതയും മലയാളിയും എന്ന നേട്ടത്തോടെയാണ് ഗീതയുടെ പടിയിറക്കം.
2019 ലാണ് ഗീത ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്‌ററ് പദവിയിലെത്തുന്നത്. തുടര്‍ന്ന് 2022ല്‍ ഡെപ്യൂട്ടി മാനേജിങ് ഡയകറക്ടറായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു ഗീത ഗോപിനാഥ് എന്ന പ്രത്യേകതയുമുണ്ട്. കണ്ണൂര്‍ സ്വദേശികളുടെ മകളായി കൊല്‍ക്കത്തയിലാണ് ഗീത ഗോപിനാഥ് ജനിച്ചത്.