• Thu. Jul 30th, 2026

24×7 Live News

Apdin News

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Byadmin

Jul 30, 2026


കൊച്ചി: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നൂറ്റാണ്ടിലേറെയായി നടത്തിവരുന്ന കോടതി വിളക്ക് എന്ന ചടങ്ങ് നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി. എന്നാൽ ഈ ചടങ്ങിന് കൂടുതൽ അനുയോജ്യമായ മറ്റൊരു പേര് നൽകുന്നത് പരിഗണിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ‘കോടതി വിളക്ക്’ എന്ന പേര് മതാചാരപരമായ ഒരു ചടങ്ങിൽ നീതിന്യായ സംവിധാനത്തിന് പങ്കുണ്ടെന്ന തെറ്റായ ധാരണ പൊതുജനങ്ങളിൽ ഉണ്ടാക്കാൻ ഇടയാക്കുമെന്ന നിരീക്ഷണത്തിലാണ് കോടതി നടപടി.

ജുഡീഷ്യറിയുടെ നിഷ്പക്ഷതയ്‌ക്കായി പേര് മാറ്റുന്നത് ദേവസ്വം കമ്മിറ്റി പരിശോധിക്കണമെന്നും കേരള ഹൈക്കോടതി നിർദ്ദേശിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേട്ടശേഷം മൂന്ന് മാസത്തിനകം വിഷയം പരിശോധിച്ച് തീരുമാനമെടുക്കാൻ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയോട് ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.

അതേസമയം, വിളക്ക് വഴിപാട് നടത്തുന്നതിന് ഭരണഘടനാപരമായ തടസ്സങ്ങളൊന്നുമില്ലെന്നും അത് നിരോധിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചാവക്കാട് കോടതിയിലെ അഭിഭാഷകരും ജീവനക്കാരുമാണ് വർഷങ്ങളായി ഈ ചടങ്ങ് നടത്തുന്നത്. ഇതിൽ ജുഡീഷ്യൽ ഓഫീസർമാർ നിർബന്ധമായും പങ്കെടുക്കണമെന്ന് വ്യവസ്ഥയില്ലെന്നും കോടതി നിരീക്ഷിച്ചു.

കോടതി വിളക്കിന് സമാനമായി പോലീസ് വിളക്ക്, തപാൽ വിളക്ക്, ബാങ്ക് വിളക്ക് തുടങ്ങിയവയും ഏകാദശിനാളുകളിൽ നടക്കാറുണ്ട്.



By admin