• Tue. Jun 16th, 2026

24×7 Live News

Apdin News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

Byadmin

Jun 16, 2026



തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങളൊരുക്കാന്‍ ഗുരുവായൂര്‍ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും.ഇതിനായുള്ള സമഗ്ര മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കും.

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സംബന്ധിച്ച അവലോകന യോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.ക്ഷേത്ര വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.

ഗുരുവായൂര്‍, ശബരിമല, കൊട്ടിയൂര്‍ ക്ഷേത്രങ്ങളെ ആധുനിക സജ്ജീകരണങ്ങളോടെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച തീര്‍ഥാടന കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍ക്കാരിന് കൃത്യമായ പദ്ധതിയുണ്ട്.ദേവസ്വത്തിന്റെ ഒരു തുണ്ട് ഭൂമി പോലും അന്യാധീനപ്പെടാന്‍ അനുവദിക്കില്ലെന്നും അവ സംരക്ഷിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

വേങ്ങാട് ഗോശാലയിലെ പശുക്കളുടെ സംരക്ഷണം വിദഗ്ധരുടെ സഹായത്തോടെ കൂടുതല്‍ ഉറപ്പാക്കും. കൂടാതെ ആനകള്‍ക്ക് സുരക്ഷിതമായി കഴിയാനുള്ള സാഹചര്യമൊരുക്കും. ആനകളെ നടയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഭക്തര്‍ക്ക് അനുകൂലമായ തീരുമാനം വരും ദിവസങ്ങളില്‍ ക്യാബിനറ്റ് യോഗത്തില്‍ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

By admin