കണ്ണൂര്‍: ജയിലില്‍ നിന്നും രക്ഷപ്പെട്ട ശേഷം കേരളം വിടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഗുരുവായൂര്‍ പോലെ തിരക്കുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ മോഷണം നടത്തി പണം കണ്ടെത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും ഗോവിന്ദചാമി. ഇന്ന് പുലര്‍ച്ചെ ജയില്‍ ചാടുകയും മണിക്കൂറുകള്‍ക്കകം പിടിയിലാകുകയും ചെയ്ത ഗോവിന്ദചാമിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഒന്നരമാസമായി ജയില്‍ചാട്ടത്തിന് ആസൂത്രണം ചെയ്യുകയായിരുന്നെന്നും കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി മറ്റൊരിടത്തേക്ക് പോകുകയായിരുന്നു ലക്ഷ്യമെന്നും പറഞ്ഞു.
പക്ഷേ പോയ വഴി പിഴച്ചു പോയതാണ് തിരിച്ചടിയായത്. റെയില്‍വേ സ്മറ്റഷന്‍ ലക്ഷ്യമിട്ടാണ് നീങ്ങിയത്. മെയിന്റോഡ് ഒഴിവാക്കി ഇടവഴിയിലൂടെ പോയത് അതുകൊണ്ടായിരുന്നു. ജയില്‍ ഇരിക്കുന്ന പള്ളിക്കുന്നില്‍ നിന്നും ഇടവഴി കയറി തളാപ്പിലെത്തി. ഇതിലേ കടന്നുപോകുമ്പോള്‍ നേരം വെളുത്തു. ഇതിനിടയില്‍ ചിലര്‍ തിരിച്ചറിയുകയും പേര് വിളിക്കുകയും ചെയ്തതോടെ ഓടി ആളൊഴിഞ്ഞ പറമ്പിലെത്തി കിണറ്റില്‍ ചാടി. തനിക്ക് മറ്റ് സഹായം കിട്ടിയിട്ടില്ലെന്ന ഗോവിന്ദചാമിയുടെ മൊഴി പക്ഷേ പോലീസ് സ്വീകരിച്ചിട്ടില്ല.
ഇയാളെ ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഒന്നരമാസമായി ജയില്‍ചാട്ടത്തിന് ആസൂത്രണം നടത്തി വരികയായിരുന്നു. ഇതിനായി ജനാലകമ്പിയുടെ അടിഭാഗത്ത് ഉപ്പിട്ടു അത് ദ്രവിപ്പിക്കുകയും അതിന് ശേഷം അത് ഹാക്‌സോ ബ്‌ളേഡ് ഉപയോഗിച്ച് അത് മുറിച്ചുവെച്ചു. ഇത് ഉദ്യോഗസ്ഥര്‍ തിരിച്ചറിയാതിരിക്കാന്‍ നൂല്‍ ഉപയോഗിച്ച് മുറിച്ച ഭാഗം കെട്ടി വെയ്ക്കുകയും ചെയതു. ജയിലിലെ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്ത് നിന്നുമാണ് ഹാക്‌സോബ്‌ളേഡിന്റെ കഷണങ്ങള്‍ സംഘടിപ്പിച്ചത്.
ജയില്‍ചാട്ടത്തിന് മതിലില്‍ കയറാന്‍ ഡ്രമ്മും പാത്രവുമൊക്കെ ഉപയോഗപ്പെടുത്തി. ഇതിനായി വെള്ളം ശേഖരിക്കുന്ന ഡ്രമ്മുകള്‍ ഇന്നലെ വൈകിട്ട് തന്നെ ഉരുട്ടിക്കൊണ്ടുവന്നു വെച്ചു. അതിന് മുകളില്‍ പാത്രവും കയറ്റിവെച്ചാണ് ഫെന്‍സിംഗില്‍ തുണി കൊണ്ടുള്ള കുരുക്കിട്ടത്. ഫെന്‍സിംഗിന്റെ തൂണിലായിരുന്നു തുണികൊണ്ടുള്ള വടം കെട്ടിയത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ തൂണില്‍ വൈദ്യുതിബന്ധം ഇല്ലെന്ന് മനസ്സിലാക്കി വെച്ചു. അതിന് ശേഷം ജയില്‍ മോചിതരായവര്‍ ഉപേക്ഷിച്ചുപോയ തുണികളും പ്ലാസ്റ്റിക്കുമെല്ലാം ശേഖരിച്ച് അത് കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക വലിഞ്ഞുകയറി. അതിന് ശേഷം അത് വലിച്ചുയര്‍ത്തി അപ്പുറത്തേക്ക് ഇട്ട് അതുവഴി താഴേയ്ക്ക് ചാടുകയും ചെയ്തു.
ക്വാറന്റീന്‍ ബ്‌ളോക്കിലെത്തി അവിടെ നിന്നുമാണ് രക്ഷപ്പെട്ടതെന്നും പറഞ്ഞു. ഒന്നരയോടെ ഇവിടെയെത്തിയ ഗോവിന്ദചാമി പുലര്‍ച്ചെ നാലുമണി വരെ അവിടെ ഒളിച്ചുനിന്ന ശേഷമാണ് അവിടെ നിന്നും നടന്നത് തലയില്‍ ഒരു കെട്ടുകെട്ടി ചുമടും താങ്ങി കൈമറച്ചാണ് യാത്ര ചെയ്തത്. സെല്ലും അതിന് മുന്നിലെ കിടങ്ങും പിന്നീട് കൂറ്റന്‍ മതിലും കടക്കാന്‍ തക്കവിധം അഭ്യാസിയാണ് ഗോവിന്ദചാമിയാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഒറ്റക്കൈയ്യില്‍ ഇയാള്‍ 25 പുഷ് അപ്പ വരെയെടുക്കുമെന്നും പറയുന്നു.