ന്യൂഡൽഹി: ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തെ കുതിച്ചുചാട്ടങ്ങള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരം. യുഎസിന്റെ സുപ്രധാന ചാന്ദ്ര-ദൗത്യമായ ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായുള്ള ‘മൂണ്‍ ബേസ്’ പ്രോഗ്രാമിലേക്ക് ഐഎസ്ആര്‍ഒക്ക് നാസയുടെ ഔദ്യോഗിക ക്ഷണം ലഭിച്ചു. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് നടന്ന ഒന്‍പതാമത് ഭാരത-യുഎസ് സിവില്‍ സ്‌പേസ് ജോയിന്റ്‌വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് നാസ ഭാരതത്തെ ക്ഷണിച്ചത്.
ആഗസ്റ്റ് 5, 6 തീയതികളിൽ ബംഗളൂരുവിൽ നടന്ന 9-ാമത് ഇന്ത്യ-യു.എസ് സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് നാസ ഐ.എസ്.ആർ.ഒ.യ്‌ക്ക് ക്ഷണം നൽകിയത്.
ഭാരതത്തിലെ യു.എസ്. അംബാസഡർ സെർജിയോ ഗോറും യോഗത്തെ അഭിസംബോധന ചെയ്തിരുന്നു. 2023-ൽ, ചന്ദ്രൻ അടക്കമുള്ള ബാഹ്യാകാശത്തിന്റെ സിവിലിയൻ പര്യവേക്ഷണങ്ങളെ നിയന്ത്രിക്കുന്ന പൊതു തത്ത്വങ്ങൾ വികസിപ്പിക്കാനും പാലിക്കാനും ലക്ഷ്യമിട്ടുള്ള യു.എസ്. നേതൃത്വത്തിലുള്ള ബഹിരാകാശ കൂട്ടായ്‌മയായ ആർട്ടിമിസ് കരാറിൽ ഭാരതം പങ്കാളിയായിരുന്നു. ആർട്ടിമിസ് കരാറിൽ ഒപ്പുവെക്കുന്ന 27-ാമത് രാജ്യമായിരുന്നു ഭാരതം. നിലവിൽ ആകെ 70 രാജ്യങ്ങൾ ഈ കരാറിന്റെ ഭാഗമാണ്.
ആർട്ടിമിസ് കരാറിന് കീഴിലുള്ള ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം മുൻനിർത്തി, മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ നാസ ഐ.എസ്.ആർ.ഒ.യെ ക്ഷണിച്ചെന്ന് ഭാരതത്തിലെ യു.എസ് എംബസി പ്രസ്താവനയിൽ അറിയിച്ചു. കരാറിന് കീഴിൽ ഓപ്പൺ സയന്റിഫിക് ഡാറ്റ പങ്കുവെക്കുന്നതിൽ സഹകരിക്കുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും ഇരുപക്ഷവും സമ്മതിച്ചതായും പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുരാജ്യങ്ങളിലെയും ബഹിരാകാശ ഏജൻസികൾ തമ്മിൽ മികച്ച രീതിയിൽ സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇന്ത്യ ആർട്ടിമിസ് കരാറിൽ ചേർന്ന അതേ വർഷം തന്നെ, മനുഷ്യ ബഹിരാകാശ യാത്രയിലെ സഹകരണത്തിനുള്ള തന്ത്രപരമായ ചട്ടക്കൂട് വികസിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു.
ഇതിന്റെ ഭാഗമായി, സ്വകാര്യ മിഷനുകളിലൂടെ ഇന്ത്യൻ ബഹിരാകാശയാത്രികരെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) അയക്കുന്നതിനായി നാസയുടെ കേന്ദ്രങ്ങളിൽ വെച്ച് അവർക്ക് പരിശീലനം നൽകാനും തീരുമാനിച്ചിരുന്നു. 2025-ൽ ഭാരതീയ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സന്ദർശിച്ചത് ഈ കരാറിന്റെ ഫലമായാണ്.
2023ല്‍ ചന്ദ്രയാന്‍-3 ദൗത്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഭാരതം ചരിത്രം കുറിച്ചിരുന്നു. ഈ നേട്ടത്തിലൂടെ തെളിയിക്കപ്പെട്ട ഭാരതത്തിന്റെ സാങ്കേതിക മികവും വൈദഗ്ധ്യവും കണക്കിലെടുത്താണ് ബഹിരാകാശ പര്യവേഷണത്തില്‍ ലോകരാജ്യങ്ങളെ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിടുന്ന യുഎസ് ഭാരതത്തെ തങ്ങളുടെ ഒപ്പംകൂട്ടുന്നത്.
2040 ഓടെ ചന്ദ്ര-നില്‍ ആദ്യമായി ഭാരതീയനെ എത്തിക്കാനും, 2035 ഓടെ ‘ഭാരതീയ അന്തരീക്ഷ് സ്‌റ്റേഷന്‍’ എന്ന പേരില്‍ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുമുള്ള തയാറെടുപ്പിലാണ് നിലവില്‍ ഐഎസ്ആര്‍ഒ. ഇതിന് സമാന്തരമായി നാസയുടെ മൂണ്‍ ബേസ് പദ്ധതിയില്‍ കൂടി പങ്കാളിയാകുന്നതോടെ, ആഗോള ബഹിരാകാശ പര്യവേഷണ രംഗത്ത് ഏറ്റവും നിര്‍ണായക ശക്തിയായി ഭാരതം മാറും.