ആലപ്പുഴ: സംസ്ഥാനത്തെ ജലമേളകള്‍ക്ക് തുടക്കം കുറിച്ച് ഐതിഹ്യ പ്രാധാന്യമേറിയതും ചരിത്രപ്രസിദ്ധവുമായ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് ചമ്പക്കുളത്ത് പമ്പയാറ്റില്‍ നടക്കും. ഏറ്റവും പാരമ്പര്യമേറിയ വള്ളംകളിയാണ് മൂലം വള്ളംകളി. ചങ്ങനാശ്ശേരികുറിച്ചി കരിങ്കുളം ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള പ്രതിഷ്ഠാ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയുടെ ചരിത്രസ്മരണ നിലനിര്‍ത്തുവാന്‍ വേണ്ടി ആരംഭിച്ച അമ്പലപ്പുഴ മൂലക്കാഴ്ചയുടെ തുടര്‍ച്ചയാണ് ചമ്പക്കുളം മൂലം വള്ളംകളി.
ആണ്ടുതോറും മിഥുനമാസത്തിലെ മൂലം നക്ഷത്രത്തില്‍ ആഘോഷിക്കുന്ന ഈ വള്ളംകളി കേരളത്തിലെ ജലോത്സവങ്ങളുടെ തുടക്കം കൂടിയാണ്. ഇത്തവണ അഞ്ച് ചുണ്ടന്‍ വള്ളങ്ങള്‍, മൂന്ന് എ ഗ്രേഡ് വെപ്പ് വള്ളങ്ങള്‍, മൂന്നു ബി ഗ്രേഡ് വെപ്പ് വള്ളങ്ങള്‍ തുടങ്ങി 11 വള്ളങ്ങള്‍ പങ്കെടുക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എംഎല്‍എ അധ്യക്ഷനാകും.
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ ആദ്യ ഹീറ്റ്‌സില്‍ രണ്ടാം ട്രാക്കില്‍ നടുഭാഗം ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടനും മൂന്നാം ട്രാക്കില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന ചെറുതന പുത്തന്‍ചുണ്ടനും മാറ്റുരയ്‌ക്കും. നടുഭാഗം ക്ലബ്ബിന് വേണ്ടി പുന്നമട ബോട്ട് ക്ലബ്ബാണ് ഇറങ്ങുന്നത്.
രണ്ടാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ കൈനകരി യുബിസി തുഴയുന്ന ആയാപറമ്പ് പാണ്ടിയും രണ്ടാം ട്രാക്കില്‍ ചമ്പക്കുളം ബോട്ട് ക്ലബ്തുഴയുന്ന ചമ്പക്കുളം ചുണ്ടനുമിറങ്ങും. കഴിഞ്ഞവര്‍ഷത്തെ നെഹ്‌റുട്രോഫി റണ്ണേഴ്‌സ് അപ്പായ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബാണ് ചമ്പക്കുളം ക്ലബ്ബിന്റെ ബാനറില്‍ മത്സരിക്കുന്നത്. മൂന്നാം ഹീറ്റ്‌സില്‍ മൂന്നാം ട്രാക്കില്‍ നിരണം ബോട്ട് ക്ലബ് തുഴയുന്ന ആയാപറമ്പ് വലിയ ദിവാന്‍ജിയും തുഴയും.
എ ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ മത്സരത്തില്‍ ഒന്നാം ട്രാക്കില്‍ കുമരകം നടുവിലേപറമ്പില്‍ കള്‍ചറല്‍ ആന്‍ഡ് ഡവലപ്‌മെന്റ് സൊസൈറ്റി തുഴയുന്ന നവജ്യോതിയും രണ്ടാം ട്രാക്കില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് ഫാന്‍സ് ക്ലബ് തുഴയുന്ന അമ്പലക്കടവവനും മൂന്നാം ട്രാക്കില്‍ കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ് തുഴയുന്ന മണലിയും മത്സരിക്കും.
ബി ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ മത്സരത്തില്‍ കൊണ്ടാക്കല്‍ ബോട്ട് ക്ലബ്ബ് തുഴയുന്ന പി.ജി. കരിപ്പുഴയും രണ്ടാം ട്രാക്കില്‍ കൊടുപ്പുന്ന ബോട്ട് ക്ലബ് തുഴയുന്ന ചിറമേല്‍ തോട്ടുകടവനും മൂന്നാം ട്രാക്കില്‍ വിബിസി ബോട്ട് ക്ലബ് തുഴയുന്ന പുന്നത്ര പുരയ്‌ക്കലും മാറ്റുരയ്‌ക്കും.