ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സർവകലാശാല യൂണിയൻ നിലനിർത്തി എം. എസ്.എഫ് മുന്നണി. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി എം.എസ്.എഫ് പ്രതിനിധി യൂണിയൻ്റെ ചെയർപേഴ്സണായി എന്ന ചരിത്ര നേട്ടത്തോടെ മുഴുവൻ ജനറൽ പോസ്റ്റിലും മുന്നണി വിജയിച്ചു. യൂണിയൻ്റെ ചെയർപേഴ്സണായി കെ കെ ടി എം ഗവണ്മെന്റ് കോളേജ് കൊടുങ്ങല്ലൂർ (പുല്ലൂറ്റ് ) വിദ്യാർത്ഥി ഷിഫാന പി.കെയും ജന:സെക്രട്ടറിയായി കോട്ടക്കൽ ഫാറൂഖ് കോളേജ് വിദ്യാർത്ഥി സുഫിയാൻ വില്ലനും വിജയിച്ചു. എം.എസ്.എഫ് മുന്നണിയായി മത്സരിച്ച തെരഞ്ഞെടുപ്പിൽ അഞ്ച് ജനറൽ പോസ്റ്റിൽ നാല് പോസ്റ്റിൽ എം.എസ്.എഫും ഒരു പോസ്റ്റിൽ കെ.എസ്.യുവും വിജയിച്ചു.
വൈസ് ചെയർമാനായി മുഹമ്മദ് ഇർഫാൻ എ.സി, ലേഡി വൈസ് ചെയർമാനായി നാഫിആ ബിറയും ജോയിൻ്റ് സെക്രട്ടറിയായി അനുഷാ റോബിയും, മലപ്പുറം ജില്ല എക്സിക്യൂട്ടീവായി സൽമാനുൽ ഫാരിസും, കോഴിക്കോട് ജില്ലാ എക്സിക്യുട്ടീവായി സഫ്വാൻ ശമീമും യു.ഡി.എസ്.എഫ് സാരഥികളായി വിജയിച്ചു.
സംഘടനക്കും മുന്നണിക്കും വിദ്യാർത്ഥികൾ നൽകുന്ന വലിയ അംഗീകാരമാണ് ഈ വിജയത്തുടർച്ച. കഴിഞ്ഞ യൂണിയൻ്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. അത്തരം വിദ്യാർത്ഥിപക്ഷ പ്രവർത്തനങ്ങൾ തുടരും. എം.എസ്.എഫിൻ്റെ സംഘടനാ ചരിത്രത്തിലെ നിർണായികമായ നാഴികകല്ലാണ് ഈ വിജയമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവർ പറഞ്ഞു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജന: സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, ഭാരവാഹികളായ ഷറഫുദ്ദീൻ പിലാക്കൽ, ഫാരിസ് പൂക്കോട്ടൂർ, കെ.ടി റഊഫ് ,അൽ റെസിൻ, പി.എ ജവാദ് , വി.എം റഷാദ്, അഖിൽ ആനക്കയം, നജീബ് തങ്ങൾ, നൗഫൽ കുളപ്പട, റുമൈസ റഫീഖ്, ആയിഷ ബാനു, അഡ്വ. കെ തൊഹാനി എന്നിവർ വിജയികളെ ഹാരാർപ്പണം നടത്തി.