ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീമാരുടെ അറസ്റ്റില്‍ സിബിസിഐയെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി മന്ത്രി ജോര്‍ജ് കുര്യന്‍. ഉത്തരവാദിത്വപ്പെട്ടവരും ചാനലില്‍ പ്രത്യക്ഷപ്പെട്ടവരും ഛത്തീസ്ഗഡില്‍ എത്തണം .ഉത്തരവാദിത്വപ്പെട്ടവര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും രണ്ട് സംസ്ഥാനങ്ങളെ ജനങ്ങളെ തമ്മില്‍ അടുപ്പിക്കരുതെന്നും ജോര്‍ജ്ജ് കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിസ്റ്റര്‍മാരുടെ ജാമ്യ ഹര്‍ജി ആരുടേതാണെന്ന് അറിയില്ല. സിസ്റ്റര്‍മാരുടെ വക്കാലത്ത് ഇല്ലാതെയാണ് ജാമ്യ ഹര്‍ജി നല്‍കിയത്. കോണ്‍ഗ്രസുകാരെ വിഷയം ഏല്‍പ്പിച്ചാല്‍ എങ്ങനെ കാര്യം നടക്കും. പ്രവര്‍ത്തികള്‍ സിസ്റ്റേഴ്‌സിനെ വലിയ തരത്തില്‍ ചിന്താ കുഴപ്പത്തില്‍ ആക്കുകയാണെന്നും ജനങ്ങളെ വഞ്ചിക്കരുതെന്നും ജോര്‍ജ്ജ് കുര്യന്‍ പ്രതികരിച്ചു.
അതേ സമയം, ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) രംഗത്തെത്തിയിരുന്നു. ജാമ്യം നൽകാതെ കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ട് പോകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും കന്യാസ്ത്രീമാർ നിരപരാധികളാണെന്നും സിബിസിഐ പ്രതികരിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് സിബിസിഐയുടെ പ്രതികരണം .
സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചായിരുന്നു കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.