കൊച്ചി: കോവിഡ് 19 വാക്‌സിനെടുത്തവരില്‍ പരക്കെ ഹൃദയാഘാതം സംഭവിക്കുന്നെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) പഠനം. 2023 സെപ്‌റ്റംബറിലാണു പഠനം പ്രസിദ്ധീകരിച്ചത്. വാക്‌സിനെടുത്തവരില്‍ ഹൃദയാഘാതം കൂടുതലാണെന്നു വ്യാപകമായി ചര്‍ച്ച ചെയ്‌തത് സാമൂഹമാധ്യമങ്ങളാണ്. ഇതേത്തുടര്‍ന്ന് ഈ വിശ്വാസത്തിനു പ്രചാരം വര്‍ധിക്കുകയായിരുന്നു. എന്നാല്‍ ഇതു ശരിയല്ലെന്നാണ് ഐ.സി.എം.ആറിന്റെ പഠനം വ്യക്‌തമാക്കുന്നത്.
18 നും 45 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാര്‍ക്കിടയിലാണ് ഐ.സി.എം.ആര്‍. പഠനം നടത്തിയത്. ഈ പ്രായക്കാരിലുണ്ടായ ഹൃദയാഘാത മരണങ്ങളായിരുന്നു പഠനം നടത്താനുള്ള പ്രേരണ. പൊടുന്നനെ മരണത്തിനു വിധേയരായ 729 പേരുടെ കേസുകള്‍ ഐ.സി.എം.ആര്‍. ഗവേഷകര്‍ പരിശോധിച്ചു. ഇവരിലെ കോവിഡ് വാക്‌സിനേഷനു പുറമേ, കോവിഡ് രോഗചികിത്സാചരിത്രം, പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം കഠിനമായ വ്യായാമം, കുടുംബത്തില്‍ പെട്ടെന്നുണ്ടായിട്ടുള്ള മരണങ്ങള്‍ എന്നീ ഘടകങ്ങളും പഠനത്തിനു വിധേയമാക്കി.
എന്നാല്‍ കോവിഡ് വാക്‌സിനേഷനും പെട്ടെന്നുള്ള മരണവും തമ്മില്‍ ഒരുവിധത്തിലും ബന്ധമുള്ളതായി കണ്ടെത്താന്‍ സാധിച്ചില്ല. അതേസമയം കോവിഡ് വാക്‌സിനേഷന്‍ രണ്ടു ഡോസും എടുത്തവരില്‍ മരണസാധ്യത കുറവാണെന്നു കണ്ടെത്തുകയും ചെയ്‌തു. വാക്‌സിന്‍ എടുക്കാത്തവരില്‍ പൊടുന്നനെയുള്ള മരണസാധ്യത വാക്‌സിനേഷന്‍ നടത്തിയവരേക്കാള്‍ ഏറിയിരിക്കുമെന്നാണ് പഠനത്തിന്റെ വിലയിരുത്തല്‍.
പെട്ടെന്നുള്ള മരണത്തിനു കാരണമായി കണ്ടെത്തിയ മറ്റു ഘടകങ്ങള്‍ ഇവയാണ്: കോവിഡ് 19 ബാധിച്ച് ചികിത്സ കഴിഞ്ഞയുടന്‍ കഠിനമായ വ്യായാമ മുറകള്‍ ചെയ്‌തത്, കുടുംബാംഗങ്ങള്‍ക്കു പെട്ടെന്നുള്ള മരണം സംഭവിച്ച ചരിത്രം, പുകവലി, അമിത മദ്യപാനം, ലഹരി-മയക്കുമരുന്ന് ഉപയോഗം. ഇങ്ങനെ പല കാരണങ്ങളാല്‍ മരണമടഞ്ഞവര്‍ കോവിഡ് 19 വാക്‌സിനേഷന്‍ മൂലമാണു മരിച്ചതെന്ന് പരക്കെ പ്രചാരണം സൃഷ്‌ടിക്കുകയായിരുന്നെന്ന് കോവിഡ് ഗവേഷകനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സ് സഹ ചെയര്‍മാനുമായ ഡോ. രാജീവ് ജയദേവന്‍ ചൂണ്ടിക്കാട്ടുന്നു. കഠിനമായി കോവിഡ് ബാധിച്ചവര്‍ക്ക് പതിവ് ആപത്‌ഘടകങ്ങള്‍ക്കു പുറമേ ഇതര റിസ്‌കുകളുമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കോവിഡ് വൈറസ് രക്‌തക്കുഴലുകളുടെ അകവശത്താണു (എന്‍ഡോത്തീലിയം) ബാധിക്കുന്നത്. ഇത് ഹൃദയാരോഗ്യത്തിനു പ്രതികൂലമാണെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിക്കുശേഷം ലോകത്ത് പൊതുവേ മരണനിരക്ക് അല്‍പ്പം വര്‍ധിച്ചിട്ടുണ്ട്. കോവിഡ് ബാധയില്‍നിന്ന് പൂര്‍ണമുക്‌തരായി പുറത്തുവന്നവര്‍ പോലും പിന്നീട് മരണത്തിനു കീഴടങ്ങിയതായി വാക്‌സിന്‍ എത്തുന്നതിനു മുന്‍പുള്ള പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
കോവിഡ് മുക്‌തരായി ആശുപത്രി വിട്ടവരില്‍ 6.5 ശതമാനമായിരുന്നു മരണനിരക്ക്. ശ്വാസകോശത്തിനു പുറമേ രക്‌തക്കുഴലുകളുടെ ഉള്‍വശത്തും കോവിഡ് വൈറസ് ബാധിക്കാം. സങ്കീര്‍ണത നിറഞ്ഞ ഈ ഭാഗം ഹൃദയം, രക്‌തചംക്രമണ വ്യൂഹം എന്നിവയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. എന്‍ഡോത്തീലയത്തെ ഡ്രൈവറില്ലാ കാറിലെ സെന്‍സറുകളോട് ഉപമിക്കാമെന്നും സെന്‍സറുകള്‍ തകരാറിലായാല്‍ കാര്‍ അപകടത്തില്‍ വീഴാമെന്നും ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.
ബൈജു ഭാസി