
കൊച്ചി : ചേരാനല്ലൂരില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17 കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ നരഹത്യാ കുറ്റം ചുമത്താന്‍ നിര്‍ബന്ധിതമായിട്ടും കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ തയാറാകാതെ പൊലീസ്. ഇതില്‍ പ്രതിഷേധിച്ച് മരിച്ച ജയബാലകൃഷ്ണന്റെ മകനും മകളും ബന്ധുക്കളും രാത്രി പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിക്കുകയാണ്. ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ റോഡ് ഉപരോധിക്കുന്നു. ലൈസന്‍സ് ഇല്ലാത്ത മകന് വാഹനമോടിക്കാന്‍ നല്‍കിയതില്‍ അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യമുണ്ട്.
പതിനേഴുകാരനെ അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന് റോഡ് ഉപരോധിക്കുന്ന ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും പറഞ്ഞു.ഇതിനിടെ, മകള്‍ തളര്‍ന്നു വീണു.അതേസമയം, തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാമെന്ന നിലപാടിലാണ് പൊലീസ്.
പിതാവിന്റെ ചിത കത്തി തീരും മുമ്പാണ് തങ്ങള്‍ക്ക് സമരത്തിനിറങ്ങേണ്ടി വന്നതെന്ന് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മക്കള്‍ പറഞ്ഞു.കാറോടിച്ച 17 കാരന്റെ പിതാവ് ജഡ്ജിയാതിനാല്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണ്.തങ്ങളുടെ പിതാവ് തട്ടുകടക്കാരനായിരുന്നു.
17 കാരനെതിരെ ആദ്യം സ്‌റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി ജഡ്ജിയായ പിതാവിനൊപ്പം വിട്ടയച്ചിരുന്നു.ഇതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു.ബി ജെ പി ഉള്‍പ്പെടെ സംഘടനകള്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തി. പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശ പ്രകാരം നരഹത്യ കുറ്റം ചുമത്തുകയായിരുന്നു.
നേരത്തേ പൊലീസ് സ്റ്റേഷനില്‍ വച്ച് 17 കാരന്റെ പിതാവായ ജഡ്ജി അപമര്യാദയായി പെരുമാറിയെന്നും ജയബാലകൃഷ്ണന്റെ കുടുംബം ആരോപിക്കുന്നു.17 വയസുകാരന് വണ്ടി കൊടുത്തുവിടാന്‍ പാടുണ്ടോ എന്ന ചോദിച്ചപ്പോള്‍ അഹങ്കാരത്തോടെയാണ് ജഡ്ജി മറുപടി നല്‍കിയത്.ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ എന്തിന് വണ്ടി കൊടുത്തുവിട്ടു എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ചോദ്യം ചെയ്യണ്ട എന്ന് പറഞ്ഞ ജഡ്ജി ഞങ്ങളെ തല്ലാന്‍ എന്ന രീതിയില്‍ മുഷ്ടി ചുരുട്ടിയാണ് അടുത്തേക്ക് വന്നതെന്ന് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ അനന്തരവള്‍ ജയലക്ഷ്മി പറഞ്ഞു.പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ഹുങ്കാണുളളത്
ഇടിച്ച വാഹനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് മായ്ച്ചുകളയാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. മൂന്ന് മക്കളുടെ അച്ഛനാണ് മരിച്ചത്. ഒരു 48 കാരി വിധവയായി. കഷ്ടപ്പെട്ട് കുടുംബത്തിനായി ജീവിച്ച ആളാണ് പോയത്. അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ദൃശ്യങ്ങള്‍ എടുത്തത് പൊലീസ് തന്നെ ഡിലീറ്റ് ചെയ്യിപ്പിച്ചു എന്ന് മരിച്ച ജയബാലകൃഷ്ണന്റെ സഹോദരന്‍ സെല്‍വരാജ് ആരോപിച്ചു. ദൃശ്യങ്ങള്‍ എടുക്കാന്‍ പാടില്ല എന്ന് ജഡ്ജിയും പറഞ്ഞു.
അതിനിടെ, 17 കാരന്‍ 104 കിലോമീറ്റര്‍ വേഗത്തിലാണ് കാറോടിച്ചതെന്ന് ഇയാളുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.