• Wed. Jul 30th, 2025

24×7 Live News

Apdin News

ചോള രാജാക്കന്മാര്‍ ഭാരതത്തെ സാംസ്‌കാരിക ചരടില്‍ ഇഴചേര്‍ത്തവര്‍

Byadmin

Jul 29, 2025



ബൃഹദേശ്വര ശിവക്ഷേത്രം നിര്‍മിച്ചിട്ട് 1000 വര്‍ഷം തികയുന്ന ചരിത്രപരമായ മുഹൂര്‍ത്തമാണിത്. ഈ അസുലഭ മുഹൂര്‍ത്തത്തില്‍ ഭഗവാന്‍ ബൃഹദേശ്വര ശിവന്റെ കാല്‍ക്കല്‍ സന്നിഹിതനാകാനും ക്ഷേത്രത്തില്‍ ആരാധന നടത്താനും എനിക്ക് ഭാഗ്യം ലഭിച്ചു. 140 കോടി ഭാരതീയരുടെ ക്ഷേമത്തിനും രാജ്യത്തിന്റെ തുടര്‍ച്ചയായ അഭിവൃദ്ധിക്കും വേണ്ടി ബൃഹദേശ്വര ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ശിവ ഭഗവാന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാകട്ടെ.

മനുഷ്യക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി നമ്മുടെ പൂര്‍വ്വികര്‍ മുന്നോട്ടുവച്ച, 1000 വര്‍ഷത്തെ ചരിത്രവുമായി ബന്ധപ്പെട്ട് കേന്ദ്ര സാംസ്്കാരിക മന്ത്രാലയം സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനം വിജ്ഞാനപ്രദവും പ്രചോദനാത്മകവുമാണ്. ആയിരം വര്‍ഷം മുന്നേ തന്ന നമ്മുടെ പൂര്‍വ്വികര്‍ മാനവരാശിയുടെ ക്ഷേമത്തിനായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയെന്നതില്‍ നമുക്ക് അഭിമാനമുണ്ട്. അത് വളരെ വിപുലവും ഗംഭീരവുമാണ്. തീര്‍ച്ചയായും എല്ലാവരും ഈ പ്രദര്‍ശനം കാണേണ്ടതാണ്.

ചിന്മയ മിഷന്‍ തയ്യാറാക്കിയ തമിഴ് ഗീത ആല്‍ബത്തിന്റെ പ്രകാശനം നിര്‍വഹിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. ഈ ഉദ്യമം നമ്മുടെ പൈതൃകം സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തിന് ഊര്‍ജ്ജം പകരും. ചോള ഭരണാധികാരികള്‍ തങ്ങളുടെ നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ ശ്രീലങ്ക, മാലദ്വീപ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു.

ശിവനെ ധ്യാനിക്കുന്നവര്‍ ഭഗവാനെപ്പോലെ ശാശ്വതരാണെന്നാണ് വേദഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നത്. ശിവനോടുള്ള അചഞ്ചലമായ ഭക്തിയില്‍ വേരൂന്നിയ ഭാരതത്തിന്റെ ചോള പൈതൃകം ഇന്ന് അമരത്വം നേടിയിട്ടുണ്ട്. ‘രാജരാജ ചോളന്റെയും രാജേന്ദ്ര ചോളന്റെയും പൈതൃകം ഭാരത സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പര്യായമാണ്. ചോള സാമ്രാജ്യത്തിന്റെ ചരിത്രവും പൈതൃകവും ഭാരതത്തിന്റെ യഥാര്‍ത്ഥ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടുകയാണ്. രാജേന്ദ്ര ചോളന്റെ ശാശ്വത പാരമ്പര്യത്തെ അംഗീകരിച്ചുകൊണ്ട്, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ദേശീയ അഭിലാഷത്തെ ഈ പൈതൃകം പ്രചോദിപ്പിക്കുന്നു.

ഭാരതത്തിന്റെ സുവര്‍ണ കാലഘട്ടം

‘ചോള കാലഘട്ടത്തെ ഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടങ്ങളിലൊന്നായി ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. അതിന്റെ സൈനിക ശക്തിയാല്‍ വേറിട്ടറിയപ്പെടുന്ന ഒരു കാലഘട്ടം. ചോള സാമ്രാജ്യം ഭാരതത്തിന്റെ ജനാധിപത്യ പാരമ്പര്യങ്ങളെ മുന്നോട്ട് നയിച്ചു. ജനാധിപത്യത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ മാഗ്‌നാകാര്‍ട്ടയെക്കുറിച്ച് ചരിത്രകാരന്മാര്‍ പറയുമ്പോള്‍, ചോള സാമ്രാജ്യം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടവോലൈ അമൈയിപ്പ് സമ്പ്രദായത്തിലൂടെ ജനാധിപത്യ തെരഞ്ഞെടുപ്പ് രീതികള്‍ നടപ്പിലാക്കി. ഇന്നത്തെ ആഗോള ചര്‍ച്ചകള്‍ പലപ്പോഴും ജല പരിപാലനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും ചുറ്റിപ്പറ്റിയാണ്. നമ്മുടെ പൂര്‍വ്വികര്‍ ഈ വിഷയങ്ങളുടെ പ്രാധാന്യം വളരെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. മറ്റ് പ്രദേശങ്ങളില്‍ നിന്ന് സ്വര്‍ണ്ണം, വെള്ളി, കന്നുകാലികള്‍ എന്നിവ നേടിയതിന്റെ പേരില്‍ പല രാജാക്കന്മാരും ഓര്‍മ്മിക്കപ്പെടുമ്പോള്‍, പുണ്യമായ ഗംഗാജലം കൊണ്ടുവന്നതിന്റെ പേരിലാണ് രാജേന്ദ്ര ചോളന്‍ അറിയപ്പെടുന്നത്. രാജേന്ദ്ര ചോളന്‍ ഉത്തരേന്ത്യയില്‍ നിന്ന് ഗംഗാജലം കൊണ്ടുവന്ന് തെക്ക് സ്ഥാപിച്ചു. ഇപ്പോള്‍ പൊന്നേരി തടാകം എന്നറിയപ്പെടുന്ന ചോള ഗംഗാ തടാകത്തിലേക്ക് വെള്ളം ഒഴുക്കിവിട്ടതായി ‘ഗംഗാ ജലമയം ജയസ്തംഭം’ എന്ന വാക്യത്തില്‍ പറയുന്നു.

രാജേന്ദ്ര ചോളന്‍ സ്ഥാപിച്ച ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം ഇന്നും ഒരു ലോകോത്തര വാസ്തുവിദ്യാ വിസ്മയമായി തുടരുന്നു. കാവേരി മാതാവിന്റെ മണ്ണില്‍ ഗംഗാ ആഘോഷം നടത്തുന്നത് ചോള സാമ്രാജ്യത്തിന്റെ പാരമ്പര്യം കൂടിയാണ്. ഈ ചരിത്ര സംഭവത്തിന്റെ സ്മരണയ്‌ക്കായി, കാശിയില്‍ നിന്ന് വീണ്ടും ഗംഗാ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുവന്നതില്‍ അവിടെ ഒരു പ്രത്യേക ചടങ്ങ് നടത്തിയിരുന്നു. കാശിയില്‍ നിന്നുള്ള ജന പ്രതിനിധി എന്ന നിലയില്‍, ഗംഗാ മാതാവുമായി എനിക്ക് വൈകാരിക ബന്ധമുണ്ട്. ചോള രാജാക്കന്മാരുമായി ബന്ധപ്പെട്ട ശ്രമങ്ങളും പരിപാടികളും ഒരു പുണ്യകര്‍മ്മം പോലെയാണ്. അത് ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തിന് പുതിയ ഊര്‍ജ്ജം നല്‍കുന്നു.

‘ചോള ഭരണാധികാരികള്‍ ഭാരതത്തെ സാംസ്‌കാരിക ഐക്യത്തിന്റെ നൂലില്‍ ഇഴചേര്‍ത്തിരുന്നു. ഇന്ന്, നമ്മുടെ സര്‍ക്കാര്‍ ചോള കാലഘട്ടത്തിലെ അതേ ആദര്‍ശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. കാശി തമിഴ് സംഗമം, സൗരാഷ്‌ട്ര തമിഴ് സംഗമം തുടങ്ങിയ പരിപാടികള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഐക്യബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. തമിഴ്നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം പോലുള്ള പുരാതന ക്ഷേത്രങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വഴി സംരക്ഷിക്കപ്പെടുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ ശൈവ മഠങ്ങളില്‍ നിന്നുള്ള സംന്യാസിമാരാണ് ആത്മീയ മാര്‍ഗനിര്‍ദേശത്തോടെ ചടങ്ങിന് നേതൃത്വം നല്‍കിയത്. തമിഴ് പാരമ്പര്യവുമായി ബന്ധപ്പെട്ട പവിത്രമായ ചെങ്കോല്‍ പാര്‍ലമെന്റില്‍ ആചാരപരമായാണ് സ്ഥാപിച്ചത്.

സാംസ്‌കാരിക സ്വത്വവും ശൈവ പാരമ്പര്യവും

ശിവഭഗവാനെ നടരാജ രൂപത്തില്‍ ആരാധിക്കുന്ന ദിവ്യ ക്ഷേത്രമാണ് ചിദംബരം. നടരാജന്റെ ഈ രൂപം ഭാരതത്തിന്റെ തത്ത്വചിന്തയെയും ശാസ്ത്രീയ അടിത്തറകളെയും പ്രതീകവത്കരിക്കുന്നു. 2023-ല്‍ ജി-20 ഉച്ചകോടിയില്‍ ആഗോള നേതാക്കള്‍ ഒത്തുചേര്‍ന്ന ദല്‍ഹിയിലെ ഭാരത് മണ്ഡപത്തിന്റെ ഭംഗിയേറ്റുന്നതിനായി നടരാജ സമാനമായ ആനന്ദ താണ്ഡവ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്.

‘ഭാരതത്തിന്റെ സാംസ്‌കാരിക സ്വത്വം രൂപപ്പെടുത്തുന്നതില്‍ നമ്മുടെ ശൈവ പാരമ്പര്യം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ സാംസ്‌കാരിക സമ്പന്നതയുടെ പ്രധാന ശില്‍പ്പികള്‍ ചോള ചക്രവര്‍ത്തിമാരാണ്. തമിഴ്നാട് ഊര്‍ജ്ജസ്വലമായ ശൈവ പൈതൃകത്തിന്റെ ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. നായനാര്‍ സംന്യാസിമാരുടെ പാരമ്പര്യം, അവരുടെ ഭക്തി സാഹിത്യം, തമിഴ് സാഹിത്യ സംഭാവനകള്‍, അധീനരുടെ ആത്മീയ സ്വാധീനം എന്നീ ഘടകങ്ങള്‍ സാമൂഹികവും ആത്മീയവുമായ മേഖലകളില്‍ ഒരു പുതിയ യുഗത്തിന് ഉത്തേജനം നല്‍കി.

ഇന്ന് ലോകം അസ്ഥിരത, അക്രമം, പാരിസ്ഥിതിക പ്രതിസന്ധികള്‍ തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്നു. ശൈവ തത്ത്വചിന്ത അര്‍ത്ഥവത്തായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. തിരുമൂലര്‍ എഴുതിയ അന്‍പേ ശിവം എന്നതിന്റെ അര്‍ത്ഥം ‘സ്‌നേഹമാണ് ശിവന്‍’ എന്നാണ്. ലോകം ഈ ചിന്ത സ്വീകരിച്ചാല്‍, പല പ്രതിസന്ധികളും സ്വയം പരിഹരിക്കപ്പെടും. ‘ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി’ എന്ന മുദ്രാവാക്യത്തിലൂടെ ഭാരതം ഈ തത്ത്വചിന്തയെ മുന്നോട്ട് കൊണ്ടുപോകുന്നു.

‘ഇന്ന് ഭാരതം ‘വികാസ് ഭി, വിരാസത് ഭി’ എന്ന മന്ത്രത്താല്‍ നയിക്കപ്പെടുന്നു, ആധുനിക ഭാരതം അതിന്റെ ചരിത്രത്തില്‍ അഭിമാനിക്കുന്നു. കഴിഞ്ഞ ദശകത്തില്‍, രാഷ്‌ട്രം അതിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി അക്ഷീണം പ്രവര്‍ത്തിച്ചു. വിദേശത്തേക്ക് കടത്തപ്പെട്ട അല്ലെങ്കില്‍ വിറ്റുപോയ പുരാതന പ്രതിമകളും പുരാവസ്തുക്കളും ഭാരതത്തിലേക്ക് തിരികെ കൊണ്ടുവന്നു. 2014 മുതല്‍ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് 600-ലധികം പുരാതന പൈതൃക വസ്തുക്കള്‍ തിരുകെ കൊണ്ടുവന്നു. ഇതില്‍ 36 പുരാവസ്തുക്കള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതാണ്. നടരാജന്‍, ലിംഗോദ്ഭവര്‍, ദക്ഷിണാമൂര്‍ത്തി, അര്‍ദ്ധനാരീശ്വരന്‍, നന്ദികേശ്വരന്‍, ഉമാ പരമേശ്വരി, പാര്‍വതി, സംബന്ധര്‍ എന്നിവയുള്‍പ്പെടെ നിരവധി വിലപ്പെട്ട പൈതൃക വസ്തുക്കള്‍ വീണ്ടും നമ്മുടെ നാടിനെ അലങ്കരിക്കുന്നു.

ഭാരതത്തിന്റെ പൈതൃകവും ശൈവ തത്ത്വചിന്തയുടെ സ്വാധീനവും ഇനി ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി എത്താന്‍ സാധിച്ച രാജ്യമായി ഭാരതം മാറിയപ്പോള്‍, ആ സ്ഥലത്തിന് ‘ശിവ-ശക്തി’ എന്നാണ് നാമകരണം ചെയ്തത്.

ചോള കാലഘട്ടത്തില്‍ നേടിയ സാമ്പത്തികവും തന്ത്രപരവുമായ പുരോഗതി ആധുനിക ഭാരതത്തിന് പ്രചോദനമായി തുടരുന്നു; രാജരാജ ചോളന്‍ ശക്തമായ ഒരു നാവികസേന സ്ഥാപിച്ചു, അത് രാജേന്ദ്ര ചോളന്‍ കൂടുതല്‍ ശക്തിപ്പെടുത്തി. ചോള കാലഘട്ടം പ്രാദേശിക ഭരണ സംവിധാനങ്ങളുടെ ശാക്തീകരണവും ശക്തമായ വരുമാന ഘടന നടപ്പിലാക്കലും ഉള്‍പ്പെടെയുള്ള പ്രധാന ഭരണ പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വാണിജ്യ പുരോഗതി, സമുദ്ര പാതകളുടെ ഉപയോഗം, കലയുടെയും സംസ്‌കാരത്തിന്റെയും പ്രോത്സാഹനം എന്നിവയിലൂടെ ഭാരതം എല്ലാ ദിശകളിലും വേഗത്തില്‍ പുരോഗതി കൈവരിച്ചു. നവ ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പുരാതന മാര്‍ഗരേഖയായി ചോള സാമ്രാജ്യം വര്‍ത്തിക്കുന്നു. ഒരു വികസിത രാഷ്‌ട്രമാകാന്‍, ഭാരതം ഐക്യത്തിന് മുന്‍ഗണന നല്‍കണം, നാവികസേനയെയും പ്രതിരോധ സേനയെയും ശക്തിപ്പെടുത്തണം, പുതിയ അവസരങ്ങള്‍ തേടണം, അതിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. ഈ ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാജ്യം മുന്നോട്ട് പോകുന്നത്.

ഇന്നത്തെ ഭാരതം ദേശീയ സുരക്ഷയ്‌ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നു. ഭാരതത്തിന്റെ പരമാധികാരത്തിനെതിരായ ഏതൊരു ഭീഷണിക്കും ഭാരതം ഉറച്ചതും നിര്‍ണായകവുമായ പ്രതികരണം കാഴ്ചവച്ചു. ഭീകരര്‍ക്കും രാജ്യത്തിന്റെ ശത്രുക്കള്‍ക്കും സുരക്ഷിത താവളമില്ലെന്ന വ്യക്തമായ സന്ദേശം ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കി. ഇത് ഭാരതത്തിലെ ജനങ്ങളില്‍ പുതിയൊരു ആത്മവിശ്വാസം വളര്‍ത്തി. ലോകം മുഴുവന്‍ അതിന് സാക്ഷ്യം വഹിക്കുന്നു. ‘ഇന്നത്തെ പുതിയ ഭാരതവും വിനയം എന്ന മനോഭാവത്തെ ഉള്‍ക്കൊള്ളുന്നു – കൂടുതല്‍ ശക്തമാവുന്നു, എന്നാല്‍ ആഗോള ക്ഷേമത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങളില്‍ വേരൂന്നിയിരിക്കുന്നു.

ഭാരത പൈതൃകത്തില്‍ അഭിമാനം വളര്‍ത്താനുള്ള ദൃഢനിശ്ചയത്തോടെ രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ മകനും പ്രശസ്ത ഭരണാധികാരിയുമായ രാജേന്ദ്ര ചോളന്‍ ഒന്നാമന്റെയും പ്രതിമകള്‍ വരും കാലങ്ങളില്‍ തമിഴ്നാട്ടില്‍ സ്ഥാപിക്കും. ഭാരതത്തിന്റെ ചരിത്രബോധത്തിന്റെ തൂണുകളായി ഈ പ്രതിമകള്‍ വര്‍ത്തിക്കും. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ദൃഢനിശ്ചയം നമ്മള്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും.

 

By admin