ലക്നൗ ; നോയിഡയിൽ വേതനവർധനവിന്റെ പേരിൽ നടന്ന സമരങ്ങൾ കലാപമായി മാറിയതിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്ന് സൂചന . സംഭവത്തിൽ പാകിസ്ഥാൻ ബന്ധമുണ്ടെന്ന് തൊഴിൽ മന്ത്രി അനിൽ രാജ്ഭർ ആരോപിച്ചിരുന്നു. പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും രണ്ടോ മൂന്നോ വ്യത്യസ്ത സ്ഥലങ്ങളിൽ തീവയ്‌പ്പ് നടത്തുകയും ചെയ്തിരുന്നു.
എന്നാൽ തൊഴിലാളികളുടെ പരാതികൾ അറിഞ്ഞ നിമിഷം തന്നെ സർക്കാർ നടപടിയെടുക്കുകയും അവരുമായി ചർച്ച നടത്തുമെന്നും, ആവശ്യങ്ങൾ നിറവേറ്റുമെന്നും വ്യക്തമാക്കിയിരുന്നു. എന്നിട്ടും തീവയ്‌പ്പും കല്ലെറിയലും നടന്നത് എന്തുകൊണ്ടെന്ന സംശയമാണിപ്പോൾ ഉയരുന്നത് . ഈ സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടാകാമെന്ന സംശയവും ഇത് ബലപ്പെടുത്തുന്നു. നക്സലിസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമായിരിക്കാമെന്ന ആശങ്കയും യോഗി ആദിത്യനാഥ് ഉന്നയിച്ചിട്ടുണ്ട്. രാജ്യത്ത് നക്സലിസം ഉന്മൂലനത്തിന്റെ വക്കിലായിരിക്കെ, അതിന് പുതുജീവൻ പകരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാരുടെ ഇടയിലേക്ക് ശിഥിലീകരണത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ നുഴഞ്ഞുകയറിയിരിക്കാമെന്നും യുപി മാധ്യമങ്ങൾ പറയുന്നു . യഥാർത്ഥ തൊഴിലാളികളുമായി മാത്രം ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. തൊഴിലാളികളുടെ പ്രതിനിധികളായി വേഷംമാറി അത്തരം തൊഴിലാളി പ്രസ്ഥാനങ്ങളിലേക്ക് പുറത്തുനിന്നുള്ളവർ പലപ്പോഴും നുഴഞ്ഞുകയറാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
പാകിസ്ഥാനുമായി ബന്ധമുള്ള നാല് ഭീകരരെ മീററ്റിലും നോയിഡയിലും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. തൊഴിലാളി പ്രക്ഷോഭത്തിന്റെ മറവിൽ ഒളിച്ചിരിക്കുന്ന ചില അരാജകത്വ ഘടകങ്ങളുടെ സാന്നിധ്യമാണ് തൊഴിലാളികളുടെ പ്രതിഷേധങ്ങൾ അക്രമാസക്തമാകാൻ കാരണമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
യോഗി സർക്കാർ സംസ്ഥാനത്തിനുള്ളിൽ വ്യവസായങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു, ക്രമസമാധാനനില ഗണ്യമായി മെച്ചപ്പെടുത്തി. എന്നാൽ ഈ പുരോഗതിയെ അസ്ഥിരപ്പെടുത്താൻ ആസൂത്രിത ഗൂഢാലോചനയാണിപ്പോൾ നടക്കുന്നത്
കിംവദന്തികൾ പ്രചരിപ്പിക്കുന്ന നിരവധി ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡിജിപി രാജീവ് കൃഷ്ണ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്ന് ചില വ്യക്തികളെ കണ്ടെത്തിയിട്ടുമുണ്ട്. കിംവദന്തികൾ പ്രചരിപ്പിച്ചതിന് രണ്ട് എക്സ് അക്കൗണ്ടുകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, 50-ലധികം എക്സ് അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട് . അവയിൽ പലതും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൃഷ്ടിക്കപ്പെട്ടതാണ് . ഇവ ഇപ്പോൾ അന്വേഷണത്തിന് വിധേയമാണ്.
മാത്രമല്ല, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വീഡിയോകളുടെ ആധികാരികതയും യുപി പോലീസ് പരിശോധിച്ചു. മധ്യപ്രദേശിലെ ഷാഹ്‌ഡോൾ ജില്ലയിൽ നടന്ന ഒരു സംഭവമാണ് യുപിയിൽ നടന്നതെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്. മാത്രമല്ല പോലീസിനെ ആക്രമിക്കാനും, കല്ലെറിയാനും ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. പോലീസ് ലാത്തി ഉപയോഗിക്കുകയാണെങ്കിൽ മുളകുപൊടി വിതറണമെന്നും ചില സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.
തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ മറവിൽ നടത്തിയ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് അവിടെ അക്രമം നടന്നതെന്ന് വ്യക്തമായി സ്ഥിരീകരിച്ചിട്ടുണ്ട്.