തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് കെപിസിസി നേതൃത്വത്തില്‍ മാര്‍ച്ച്. കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും മുതിര്‍ന്ന എംഎല്‍എമാരും എംപിമാരും അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കാളികളായി. കോണ്‍ഗ്രസ് നേതൃത്വം തന്നെ മുന്നില്‍ നിന്നുള്ള വലിയ പ്രതിഷേധമാര്‍ച്ചാണ് രാജഭവനിലേക്ക് നടക്കുന്നത്.
രാജ്ഭവനിലേക്ക് കെപിസിസി മാര്‍ച്ചില്‍ ദീപാദാസ് മുന്‍ഷി അടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, ഷാഫി പറമ്പില്‍ തുടങ്ങി കോണ്‍ഗ്രസിലെ വലിയ നേതാക്കളെല്ലാം മുന്‍നിരയില്‍ നിന്നുകൊണ്ട് നയിച്ച പ്രതിഷേധമാര്‍ച്ച് പോലീസ് തടഞ്ഞു.
കഴിഞ്ഞദിവസം കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ ഛത്തീസ്ഗഡിലെ ജയിലില്‍ എത്തി കന്യാസ്ത്രീകളെ കണ്ടിരുന്നു. ബിജെപി നടത്തുന്ന ഭരണഘടനാവിരുദ്ധ നടപടികളാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് എന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്് പറഞ്ഞു. ബജ്‌റംഗദളിന്റെ വനിതാനേതാവ് കന്യാസ്ത്രീകളെയും അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ വന്ന പെണ്‍കുട്ടികളെയും കയ്യേറ്റം നടത്തിയെന്നത് പൗരാവകാശലംഘനവും ബിജെപി നേതാക്കള്‍ തന്നെ രംഗത്ത്‌വന്നത് ലജ്ജാകരമായ അവസ്ഥയാണെന്നും പറഞ്ഞു.