• Thu. Sep 10th, 2026

24×7 Live News

Apdin News

ജനമനസ്സറിഞ്ഞ തദ്ദേശ ഭരണം –

Byadmin

Sep 10, 2026


ഓരോ ഗ്രാമവും സ്വയംപര്യാപ്തമായ ഒരു റിപ്പബ്ലിക്കായി പ്രവർത്തിക്കുന്ന, വികേന്ദ്രീകൃതമായ പ്രാദേശിക സ്വയംഭരണ സംവിധാനമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ ഗാന്ധിജി ഉൾപ്പെടെയുളള മഹത്തുകൾ വിഭാവനം ചെയ്തത്.
ജനങ്ങളുടെ സുപ്രധാന ആവശ്യങ്ങളും കാര്യങ്ങളും സുസ്ഥിരവികസനവും ഭരണകൂടത്തിന്റെ കൂടി സഹായത്തിൽ കൈകാര്യം ചെയ്യുന്ന തികച്ചും പുരോഗമനപരമായ ചുവടുവെപ്പാണ് ഇന്നുള്ളത്.
താഴെത്തട്ടിലുള്ള ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കുന്ന ഗ്രാമസ്വരാജ് എന്ന സങ്കല്പം അർത്ഥപൂർണതയോടെ മുന്നോട്ട് പോവുകയാണ്.

കേരളത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പിന് കീഴിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും വൈവിധ്യമാർന്ന മാതൃകപരമായ പദ്ധതികളും പരിപാടികളുമാണ് സംസ്ഥാനത്തുടനീളം ഇപ്പോൾ ഒരുത്സവഛായയോടെ നടക്കുന്നത്.941 ഗ്രാമപഞ്ചായത്തുകൾ,152 ബ്ലോക്ക് പഞ്ചായത്തുകൾ,14 ജില്ലാ പഞ്ചായത്തുകൾ,87 മുനിസിപാലിറ്റികൾ,6 കോർപ്പറേഷനുകൾ -അങ്ങനെ1200 തദ്ദേശ സ്ഥാപങ്ങൾ വഴി നടപ്പിലാക്കി വരുന്നത് ഈ വലിയ വികസന പദ്ധതികളാണ്.

കുടുംബശ്രീ,മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,ശുചിത്വ മിഷൻ,പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ സംരഭങ്ങളും പദ്ധതികളും പുതിയ മാതൃകകൾ സൃഷ്‌ടിച്ച് കേരളത്തിൻ്റെ വികസന യാത്രയെ മുന്നോട്ട് നയിക്കുകയാണ്.കെ സ്മാർട്ടിലൂടെ ഡിജിറ്റൽ ഭരണ സംവിധാനം ശക്തിപെടുത്തി കേരളത്തിൻ്റെ സമഗ്ര പുരോഗതിയുടെ അടിത്തറയൊരുക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓരോ മനുഷ്യന്റെയും ഹൃദയമിടിപ്പാണ്.ആ ഹൃദയമിടിപ്പ് അറിഞ്ഞു കൊണ്ട് പ്രവർത്തിക്കുമ്പോൾ അത് നിലവിലുള്ള സർക്കാറിൻ്റെ മുഖച്ഛായ കൂടിയായി മാറുന്നു.തദ്ദേശ സ്ഥാപനങ്ങളിലേക്ക് കടന്ന് വരുന്ന ഒരോ മനുഷ്യനും വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ട്.അത് യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനങ്ങളും ഇടപെടലുകളുമാണ് മന്ത്രി കെ.എം ഷാജിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഏറ്റവും ഫലപ്രദമായി നടത്തുന്നത്. നീതിയുക്തമായ മാർഗങ്ങളിലൂടെ നിതിയുക്തമായ ഒരു സമൂഹം സൃഷ്‌ടിക്കുക എന്ന പ്രഖ്യാപിത നയത്തിലൂടെയാണ് ഒരോ ചുവട് വെപ്പും.

ജൂൺ 16 ന് തിരുവനന്തപുരം പഞ്ചായത്ത് ഭവനിൽ കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ്റെ മുപ്പത്തിയാറമത് ജനറൽ ബോഡി യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരോട് ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി നടത്തിയ ഹൃദയസ്പർശിയായ സംസാരം നമ്മയെല്ലാം ചിന്തിപ്പിക്കുന്നതും കേരളത്തിൻ്റെ പുതിയ കുതിപ്പിലേക്കുള്ള പ്രതീക്ഷയുമാണ്.ഒരോ ഗ്രാമപഞ്ചായത്തും ഒരു പുതിയ വികസന ഭൂപടം തയ്യാറാക്കണം.റോഡുകളുടെയും കെട്ടിടങ്ങളുടെയും മാത്രം ഭൂപടമാകരുത്.മനഷ്യരുടെ ആവിശ്യങ്ങളും സാധ്യതകളുടെയും ഭൂപടമായിരിക്കണം.വൃദ്ധൻമാർ,കിടപ്പ് രോഗികൾ,ഭിന്നശേഷിക്കാർ,വാടക വീടുകളിൽ കഴിയുന്ന

കുടുംബങ്ങൾ,വിദ്യാർത്ഥികൾ,യുവാക്കൾ,കർഷകർ,കൂലിപ്പണിക്കാർ,മൽസ്യ തൊഴിലാളികൾ,തെരുവ് കച്ചവടക്കാർ,തൊഴിൽ ലഭിക്കാത്തവർ,വിധവകൾ,ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങി എല്ലാമനുഷ്യരെയും അറിയണം,അവരുടെ പ്രശ്‌നങ്ങൾ തിരിച്ചറിയണം,അനുയോജ്യമായ പരിഹാരങ്ങൾ കണ്ടെത്തണം-ഇതാണ് നമ്മുടെ ഭൂപടം.ഫയലുകൾ കേന്ദീകരിച്ചുള്ള ഭരണത്തിൽ നിന്ന് നമ്മൾ മാറണം.ജനങ്ങളുടെ ആവിശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഭരണമാണ് നമുക്ക് വേണ്ടത്. ശുഭപ്രതീക്ഷ പൂക്കുന്ന മന്ത്രിയുടെ ഈ വാക്കുകൾ തദ്ദേശ വകുപ്പിൻ്റെ ചരിത്രത്തിൽ പുതിയ അധ്യായമാണ്.

കേരളത്തിൻ്റെ വികസനം ഗ്രാമങ്ങളിലാണ്.അതിന് നേതൃത്വം കൊടുക്കുന്നവരാകട്ടെ,ജനങ്ങളോട് ചേർന്ന് നിൽക്കുന്നവരും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമാണ്.പുതിയ സർക്കാറിന്റെ ജനപ്രതിനിധികളെ ചേർത്ത് പിടിക്കുന്ന പല തിരുമാനങ്ങളും അഭിമാനർഹമാണ്. ജനപ്രതിനിധികളുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നതിനും അവരുടെ ക്ഷേമത്തിന് വേണ്ടി പ്രത്യേകം കമ്മീഷനെ നിയോഗിച്ച് ഇടപെടൽ നടത്തുന്നതും തദ്ദേശ വകുപ്പിന്റെ ശ്രദ്ധേയ നടപടികളാണ്. സാമ്പത്തിക പ്രതിസന്ധി നില നിൽക്കുമ്പോഴും തദ്ദേശ സ്ഥാപനങ്ങളിൽ ഒരു ഗഡുപോലും നഷ്ട്ടപെടാതെ കൃത്യ സമയത്ത് എത്തിക്കാനുള്ള ആസൂത്രണവും നിർവഹണവും കേരളത്തിന് പുതിയ മാതൃക സൃഷ്‌ടിച്ചിരിക്കുകയാണ്.പതിനഞ്ചാം പഞ്ചവൽസര പദ്ധതിയിലൂടെ ഗ്രാമ,ബ്ലോക്ക്,മുനിസിപ്പൽ,കോർപറേഷൻ,ജില്ലാ ഭരണ സിമിതികൾക്ക് സ്വന്തം വികസന കാഴ്ചപ്പാടനുസരിച്ച് പദ്ധതികൾ രൂപപെടുത്താൻ അവസരം സംഭാവന ചെയ്തിരിക്കുകയാണ് സർക്കാർ.കൂടാതെ പ്ലാൻ ഫണ്ട്,ജനറൽ പർപ്പസ് ഗ്രാൻ്റ്,ധനകാര്യ കമ്മീഷൻ ഗ്രാൻ്റ്,യഥാ സമയം ലഭിക്കാൻ പ്രത്യാക പദ്ധതികൾ തദ്ദേശ വകുപ്പ് ആവിഷ്‌കരിച്ചിരിക്കുകയാണ്.നൂതന പദ്ധതികൾ,പ്രൊജക്‌ടുകൾ നടപ്പിലാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ കണ്ടെത്തി പ്രോൽ സാഹനവും പിന്തുണയും നൽകാൻ സർക്കാർ തിരുമാനിച്ചിരിക്കുകയാണ്.

അധികാര വികേന്ദ്രീകരണത്തിൻ്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ നേടിയെടുത്ത പല അധികാരങ്ങളും ഉദ്യോഗസ്ഥ കൈകളിലാണ്.ഈ സ്ഥിതി മാറ്റി ജനങ്ങളുടെ ആവശ്യങ്ങൾ വേഗം നിറവേറ്റാൻ ഭരണ സിമിതികൾക്കും ജില്ലാ ആസൂത്രണ സിമിതികൾക്കും അധികാരം പൂർണ്ണമായി സ്ഥാപിക്കാനും,കഴിഞ്ഞ സർക്കാർ കൊണ്ട് വന്ന നിയന്ത്രണങ്ങൾ പുന:പരിശോധിച്ച് ജനങ്ങളുടെ ആവിശ്യങ്ങൾക്ക് വേണ്ടി ഭേദഗതി ചെയ്യാനുമുള്ള തിരുമാനങ്ങൾ ആശാവഹമാണ്.

നമ്മുടെ സംസ്ഥാനത്തിൻ്റെ ദാരിദ്ര്യ നിർമ്മാർജ്ജന മിഷനായി പ്രവർത്തിക്കുന്ന കുടുംബശ്രീയെ പുതിയ കാലത്തിനനുസരിച്ച് മാറ്റം വരുത്താനും അഴിച്ചുപണിയാനും സർക്കാർ ആലോചിച്ച് കൊണ്ടിരിക്കുകയാണ്. അതിന് ഏറ്റവും വലിയ തെളിവ് ഈ കഴിഞ്ഞ ഓണക്കാലമായിരുന്നു .ഏറ്റവും കൂടുതൽ വിറ്റുവരവ് കൈവരിച്ചതും,ഓണചന്തകൾ വ്യത്യസ്തമായി നടത്തിയതും നമ്മൾ ഓർക്കുന്നു.സ്ത്രീ ശാക്തീകരണം,സാമൂഹിക,സാമ്പത്തിക ശാക്തീകരണം ശക്തിപെടുത്താൻ സാമൂഹിക സുരക്ഷ പദ്ധതികളുടെ ഫെസിലിറ്റേറ്റർ ആയ കുടുംബശ്രീക്ക് വേണ്ടി 2026 -2027 വർഷത്തേക്കുള്ള സംരഭ വികസന പ്രവർത്തനങ്ങൾക്കായി 78.87 കോടി രൂപ യും 27 കോടി പ്ലാൻ ഫണ്ടും 51.87 കോടി എൻ.ആർ എൽ.എം ഫണ്ടും വകയിരുത്തിയിട്ടുണ്ട്.വളർച്ച സാധ്യതയുള്ള സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുക ജില്ലാ,ബ്ലോക്ക് തല എൻ്റർപ്രൈസ് കസ്റ്ററുകൾ വികസിപ്പിക്കുക,ബ്രാൻഡിംഗും ഇ കൊമേഴ്സും വഴിയുള്ള വിപണി അധിഷ്‌ഠിത വികസനം ശക്തിപെടുത്തുക,ഷീ സ്റ്റാർട്ട്സ് പോലുള്ള യുവ സംരഭകത്വ പദ്ധതികൾ,കെയർ എക്കണോമി,ഗ്രീൻ ഇക്കോണമി,ടൂറിസം എന്നി മേഖലകൾ വിപുലികരിക്കുക,ഇൻകുബേഷനും ബിസിനസ് കൗൺസിലിംഗും നൽകി പര്യാപ്തത കൊടുക്കുക, കുടുംബശ്രി ഉൽപനങ്ങളുടെ വിപണനം മെച്ചപെടുത്താൻ പ്രാദേശിക,ദേശീയ വിപണന മേളകൾ,സ്ഥിര വിപണന കേന്ദ്രങ്ങൾ,ഹോം ഷോപ്പ് പദ്ധതി,ഓൺലൈൻ മാർക്കറ്റിംഗ്,ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്ക്,ഷീ മാർട്ട് ഔട്ട് ലെറ്റുകൾ,കിയോസ്ക്കുകൾ,നാനോ മാർക്കറ്റ്,മാസ ചന്തകൾ,ട്രേഡ് ഫെയറുകൾ,ഭക്ഷ്യ മേളകൾ,സരസ് ഓണം,ക്രിസ്മസ്,ന്യൂ ഇയർ മേളകൾ തുടങ്ങിയവയിലൂടെയെല്ലാം ഡിജിറ്റൽ പരിവർത്തനത്തിലേക്കാണ് കുടുംബശ്രീയെ മാറ്റാൻ പോവുന്നത്.
കൂടാതെ കാർഷിക,മൃഗ സംരക്ഷണം,മൽസ്യ തൊഴിലാളി മേഖല,യുവാക്കൾക്കുള്ള ഉപജീവനം,വയോജനങ്ങൾ,ഭിന്നശേഷിക്കാർ,പാരാപ്ലീജിയ വിഭാഗങ്ങൾക്കുള്ള ഉപജീവന പദ്ധതികളെല്ലാം മുന്നോട്ട് കൊണ്ട് വരുകയാണ്.

ചുരുക്കത്തിൽ അടിത്തട്ടിലെ മനുഷ്യ പുരോഗതിയെ ലക്ഷ്യം വെച്ചു കൊണ്ട് അത്യന്തം പരിവർത്തനോൻമുഖമായ ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമാണ് പുതിയ സർക്കാർ അതിവേഗം ആശാവഹമായ പദ്ധതികൾ ഈ മേഖലയിൽ വിഭാവനം ചെയ്യുന്നത്.സുസ്ഥിര വികസനം ലക്ഷ്യമാക്കുകയും അതുവഴി അവസാന മലയാളിയുടെയും ജീവിത പുരോഗതി എന്ന പ്രതിബദ്ധ സങ്കല്പത്തെ യാഥാർത്ഥ്യമാക്കുകയും ചെയ്യുന്ന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ധീരമായ ചുവടുവെപ്പുകൾക്ക് കരുത്തുപകരാൻ നാം ഓരോരുത്തരും സന്നദ്ധരാവേണ്ടതുണ്ട്







By admin