പത്തനംതിട്ട: ഗോവിന്ദചാമി ജയില്‍ ചാടാന്‍ മുമ്പും ശ്രമം നടത്തിയിട്ടുണ്ടെന്നും ഇയാളുടെ കാര്യം കൈകാര്യം ചെയ്യാന്‍ തമിഴ്‌നാട്ടില്‍ നിന്നും ഒരു ഗ്യാംഗ് തന്നെ ഉണ്ടായിരിക്കാമെന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മുന്‍ പ്രിസണ്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗോവിന്ദചാമിയുടെ പത്താം നമ്പര്‍ ബ്‌ളോക്കില്‍ മുമ്പ് ജോലി ചെയ്തിരുന്ന ജയില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന അബ്ദുള്‍ സത്താര്‍ എന്നയാളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ വെളിപ്പെടുത്തല്‍.
താന്‍ ജയില്‍ ചാടുമെന്ന് ഗോവിന്ദചാമി ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നതായും അങ്ങിനെ സംഭവിച്ചാല്‍ തേടിപ്പിടിച്ച് എത്തി കൊല്ലുമെന്നും കെട്ടിയിട്ട് കുടുംബാംഗങ്ങളെ മുന്നിലിട്ട് ക്രൂരമായ ബലാല്‍ക്കാരത്തിന് ഇരയാക്കുമെന്നും കൊച്ചുകുട്ടികളെ പോലും വെറുതേ വിടുകില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗോവിന്ദചാമിയ്ക്കായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്യാംഗ് തമിഴ്‌നാട്ടില്‍ ഉള്ളതായും അവരാണ് ഗോവിന്ദചാമിയുടെ നിയമപരമായ കാര്യങ്ങളും ഇയാളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലും പതിവായി ഏര്‍പ്പെടുന്നതെന്നും പറഞ്ഞു.
മുമ്പ് മോഷണം നടത്തിയതിന്റെ പണവും പണ്ടങ്ങളും കോയമ്പത്തൂരിലെ ഒന്നോ രണ്ടോ ശ്മശാനങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അത് കൈകാര്യം ചെയ്യുന്നയാള്‍ക്കാരുണ്ടെന്നും ഗോവിന്ദചാമിയുടെ നിര്‍ദേശാനുസരണം അവരാണ് കേസിന്റെയും മറ്റും കാര്യങ്ങള്‍ ചെയ്യുന്നതെന്നും പറഞ്ഞു. ഗോവിന്ദചാമി ഒരു സൈക്കോയായ ക്രിമിനലാണെന്നും പറയുന്ന കാര്യം ചെയ്യുന്നയാളാണെന്നും പറഞ്ഞു. ജയില്‍ചട്ടങ്ങളൊന്നും അനുസരിക്കാത്ത കൊടും ക്രിമിനലാണ്. മുമ്പ് ജയില്‍ ചട്ടങ്ങള്‍ അനുസരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഭീഷണിപ്പെടുത്തിയത്.
ജയിലില്‍ അധികം സംസാരിക്കാത്ത ഗോവിന്ദചാമിയെ സന്ദര്‍ശിക്കാനയി എത്തുന്നവരുടെ എണ്ണവും കുറവാണ്. കേസുമായി ബന്ധപ്പെട്ട അഭിഭാഷകരോ കേസുമായി ബന്ധപ്പെട്ട് വരുന്നവരോ ഒക്കെയാണ് കാണാന്‍ വന്നിരുന്നത്. സഹോദരനും കാണാന്‍ വന്നിരുന്നു. സഹോദരനുമായി ബന്ധപ്പെട്ടും വൈരാഗ്യമുണ്ട്. ഇയാള്‍ക്ക് പുറത്ത് ഒരു ഗ്യാംഗ് ഉണ്ടായിരുന്നു. ഇയാളെ രക്ഷപ്പെടുത്താന്‍ അവര്‍ പദ്ധതിയിട്ടിരുന്നു. ഇവരുമായി കണ്ടുമുട്ടാന്‍ സാഹചര്യം ഒത്തില്ല. അതുകൊണ്ടാകാം ഗോവിന്ദചാമി കിണറ്റിനുള്ളില്‍ ഒളിച്ചിരുന്നത്. സംഘം എത്താന്‍ സാധ്യതയുണ്ടായിരുന്നു ഗ്യാംഗുമായി കണ്ടുമുട്ടാന്‍ സാഹചര്യം ഉണ്ടായിരുന്നില്ല. തന്റെ അനുഭവങ്ങള്‍ കൃത്യമായി മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
മറ്റൊരിക്കല്‍ ഇയാള്‍ ജയിലിനുളളില്‍ വെച്ച് കോംപൗണ്ടിലെ വലിയൊരു പ്ലാവില്‍ കയറി ചക്കയിട്ടു. ഒരു കയ്യില്ലാത്ത ഗോവിന്ദചാമി ആരുമറിയാതെ പ്ലാവില്‍ കയറിയത് അത്ഭുതപ്പെടുത്തിയെന്നും പറഞ്ഞു. അസാധാരണ ക്രിമിനല്‍ മൈന്‍ഡുള്ള ആളാണ് ഗോവിന്ദചാമി. അനേകം പേരെ ബലാത്സംഗം ചെയ്ത വിവരം സഹതടവുകാരുമായി ഗോവിന്ദചാമി പങ്കുവെച്ചിട്ടുണ്ടെന്നും ശരീരം മുഴുവന്‍ ബ്‌ളേഡ് കൊണ്ടു വരഞ്ഞ ശേഷമായിരുന്നു ബലാത്സംഗം ചെയ്തിരുന്നതെന്നും പറഞ്ഞു. ജയില്‍ ഓഫീസര്‍ എന്ന നിലയില്‍ തടവുകാര്‍ ഭീഷണിപ്പെടുത്താറുണ്ടെങ്കിലും അതിനെ ഗൗരവമായി കണക്കാക്കാറില്ല. പക്ഷേ ഗോവിന്ദചാമിയുടെ ഭീഷണി അങ്ങിനെയല്ലെന്നും പറഞ്ഞു.