റാഞ്ചി : ജാർഖണ്ഡിലെ ദിയോഘറിൽ കൻവാർ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് 18 പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
കൻവാരിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ 4:30 ഓടെ മോഹൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജമുനിയ വനത്തിന് സമീപമാണ് അപകടം. കൻവാരിയ വിഭാഗത്തിൽപ്പെട്ടവർ സഞ്ചരിച്ചിരുന്ന 32 സീറ്റുള്ള ബസ്, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം ജില്ലാ ഭരണകൂടം ആളുകളെ രക്ഷിക്കുന്നതിനായി രക്ഷാപ്രവർത്തനം ഉടൻ തന്നെ ആരംഭിച്ചിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോയി. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, അതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പോലീസ് അറിയിച്ചു.
അതേ സമയം ഈ അപകടത്തിൽ 18 ഭക്തർ മരിച്ചതായി ബിജെപി നേതാവും പ്രദേശത്തെ എംപിയുമായ നിഷികാന്ത് ദുബെ സ്ഥിരീകരിച്ചു.”എന്റെ ലോക്‌സഭയിലെ ദിയോഘറിൽ ശ്രാവണ മാസത്തിൽ കൻവാർ യാത്രയ്‌ക്കിടെ ബസും ട്രക്കും ഇടിച്ചുണ്ടായ അപകടത്തിൽ 18 ഭക്തർ മരിച്ചു. ബാബ ബൈദ്യനാഥ് ജി അവരുടെ കുടുംബങ്ങൾക്ക് ദുഃഖം താങ്ങാൻ ശക്തി നൽകട്ടെ.”- അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ എഴുതി.