ന്യൂഡൽഹി: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തി. സ്ലൊവാക്യ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി എവിയനിലെത്തിയത്. ജൂൺ 16, 17 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ ‘ഗ്ലോബൽ സൗത്തി’ന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും ലോകവേദിയിൽ ശക്തമായി ഉയർത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എട്ടാം തവണയാണ് ഇന്ത്യ ജി7 ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെടുന്നത്.
ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തിന്റെ തെളിവാണ് ഈ ക്ഷണപത്രം. ജി20, ഐക്യരാഷ്‌ട്രസഭ തുടങ്ങിയ വേദികൾക്ക് പിന്നാലെ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ വികസന പ്രശ്നങ്ങളും ആവശ്യങ്ങളും ഉയർത്തിക്കാട്ടാൻ ഈ ഉച്ചകോടി പ്രയോജനപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ഐക്യരാഷ്‌ട്രസഭയിലെ സുരക്ഷാ കൗൺസിൽ പരിഷ്കരണവും സ്ഥിരാംഗത്വവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യ നിലപാട് വ്യക്തമാക്കും. ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന അതീവ സമ്മർദ്ദകരമായ സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ചയെന്നത് ഏറെ ശ്രദ്ധേയമാണ്. ഒമാൻ ഉൾക്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ യുഎസ് നാവികസേനയുടെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് ചാർജ് ഡി അഫയേഴ്സിനെ ഇന്ത്യ രണ്ട് തവണ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
‘ഓപ്പറേഷൻ സിന്ദൂർ’ പശ്ചാത്തലത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ, വ്യാപാര തീരുവയിലെ തർക്കങ്ങൾ, റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ തുടങ്ങിയ വിഷയങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയിട്ടുണ്ട്. നിലവിൽ 99 ശതമാനവും പൂർത്തിയായെന്ന് കരുതുന്ന ഉഭയകക്ഷി വ്യാപാര കരാറിന്റെ അന്തിമരൂപം സംബന്ധിച്ച് ചർച്ചകൾ ഉണ്ടായേക്കും.