ന്യൂദല്‍ഹി: മാവോയിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കോടികളുടെ വിദേശ ഫണ്ട് കൈമാറിയ യുഎസ് മിഷണറി സംഘടനയ്‌ക്കെതിരേ കര്‍ണാടക പോലീസ് യുഎപിഎ പ്രകാരം കേസെടുത്തു. രാജ്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേയാണ് യുഎപിഎ ചുമത്തുക.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരാതി പ്രകാരം ദ് തിമോത്തി ഇനിഷ്യേറ്റീവ് എന്ന മതംമാറ്റ സംഘടനയ്‌ക്കും ആറു പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് യുഎപിഎ ചുമത്തിയത്. ബെംഗളൂരു കൊത്തന്നൂര്‍ പോലീസിന്റേതാണ് നടപടി. എന്‍ജിഒ എന്ന പേരിലുള്ള സംഘടന 92 കോടിയുടെ വിദേശ ഫണ്ട് മാവോവാദി മേഖലകളിലേക്കൊഴുക്കിയതായാണ് കണ്ടെത്തല്‍.
ദ് തിമോത്തി ഇനിഷ്യേറ്റീവ് പ്രവര്‍ത്തകരായ ജോനാഥന്‍ എസ്. രാജന്‍, മൈക്ക മാര്‍ക്ക്, അജിത് വര്‍ഗീസ് മത്തായി, വര്‍ഗീസ് ചാക്കോ, ബബ്ലു കുര്‍മി, സുപ്രീം ജോയ് എന്നിവരാണ് അന്വേഷണം നേരിടുന്നത്. ഇവര്‍ രാജ്യസുരക്ഷയ്‌ക്കും സാമ്പത്തിക ഭദ്രതയ്‌ക്കും ഭീഷണിയുണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ പ്രതികളായവര്‍ വിദേശ ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണം പിന്‍വലിച്ച് കര്‍ണാടക, ഛത്തിസ്ഗഢ്, ആസാം മാവോയിസ്റ്റ് മേഖലകളിലെത്തിച്ചതായും തെളിവുകളുണ്ട്. 2025 നവംബര്‍ മുതല്‍ 2026 ഏപ്രില്‍ വരെ ആറ് മാസത്തിനിടെ ഫെമ, എഫ്‌സിആര്‍എ വ്യവസ്ഥകള്‍ ലംഘിച്ച് ഏകദേശം 92.55 കോടി രൂപയാണ് ദ് തിമോത്തി ഇനിഷ്യേറ്റീവ് മാവോയിറ്റ് മേഖലകളിലെത്തിച്ച് നല്കിയത്. ഇവര്‍ വഴിയാണ് മതംമാറ്റത്തിനു പണം നല്കിയിരുന്നത്.
ഏപ്രില്‍ 18ന് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 24 വിദേശ ഡെബിറ്റ് കാര്‍ഡുകളുമായി മൈക്ക മാര്‍ക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ വിവിധ സംസ്ഥാനങ്ങളിലായി 1000ലധികം വിദേശ ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതോടെ ഇവര്‍ യുഎസിലെ വിവിധ ബാങ്ക് സെര്‍വറുകളില്‍നിന്നു ഫണ്ട് കൈമാറിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. പ്രതികള്‍ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും ഇ ഡി കണ്ടെത്തി. ഇതോടെ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തി കേസെടുക്കാന്‍ ഇ ഡി നിര്‍ദേശിക്കുകയായിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജ രേഖ ചമയ്‌ക്കല്‍, വ്യാജ രേഖകളുടെയും ഇലക്‌ട്രോണിക് രേഖകളുടെയും ദുരുപയോഗം, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടല്‍, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു ഗൂഢാലോചന എന്നിവ ഉള്‍പ്പെടെ കുറ്റങ്ങളാണ് പ്രതികളുടെ പേരില്‍ ചുമത്തിയത്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കൊത്തന്നൂര്‍ പോലീസ് അറിയിച്ചു.