പരമ്പരാഗത കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും നിത്യേനയുള്ള കൃഷി അനുഭവങ്ങളാണ് നാട്ടറിവുകള്‍. പഴയകാല കര്‍ഷകരുടെ വഴികാട്ടി. അന്നത്തെ നാട്ടറിവുകള്‍ ഇന്നും തുടരുന്ന കര്‍ഷകരുണ്ട്. ഇലകള്‍ വളവും ഇലച്ചാറുകള്‍ കീടനാശിനികളുമായിരുന്ന കാലം. ഇവ നിരീക്ഷിച്ച് ഉറപ്പുവരുത്തി കൈമാറാന്‍ തുടങ്ങിയതോടെയാണ് ഒരു കൃഷി എഴുത്തുകാരന്റെ കുപ്പായം പോള്‍സണ്‍ താം അണിയുന്നത്.
തൃശൂര്‍ ജില്ലയിലെ മരത്തംകോട്ട് ജപ്തി ഭീഷണിയെ തുടര്‍ന്ന് സ്ഥലം വില്‍ക്കേണ്ടി വന്ന ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച പോള്‍സണ് ചെറുപ്പം മുതല്‍ കൃഷിയോടും കാര്‍ഷിക പ്രതിഭാസങ്ങളോടും വലിയ പ്രതിപത്തിയായിരുന്നു. അച്ഛന്റെ നെല്‍പ്പാടത്ത് കതിരിനേക്കാള്‍ കൂടുതല്‍ പതിരായപ്പോള്‍ കുടുംബം ആകെ വിഷമിച്ചു ഇതിനു കാരണം അച്ഛനോട് തിരക്കി. തൊട്ടടുത്ത പാടത്ത് മണ്ണിടിച്ചതും ബ്രൗണ്‍ ഹോപ്പറും ആണ് കാരണമെന്ന് അച്ഛന്റെ മറുപടി. പോള്‍സണ്‍ പക്ഷേ അതില്‍ തൃപ്തനായില്ല. താന്‍ പഠിച്ച മരത്തംകോട് എല്‍പി സ്‌കൂളിന് പിന്നിലെ പാടത്ത് ഒഴിവു കിട്ടുമ്പോഴൊക്കെ പോകാന്‍ തുടങ്ങി. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പരീക്ഷണശാല. നെല്‍ പോളകള്‍ക്ക് നടുവില്‍ മണ്‍തരി വീണാല്‍ അടയുമെന്നും പിന്നീട് അത് പതിരായി മാറും എന്നും കണ്ടെത്തി. ബ്രൗണ്‍ ഹോപ്പറിനെ തടയാനുള്ള മാര്‍ഗം അച്ഛനോടൊപ്പം വയലില്‍ തന്നെയാണ് പരീക്ഷിച്ചത്.
പതിനൊന്നാം വയസില്‍ സസ്യങ്ങള്‍ സൗവര്‍ണ രശ്മികളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും കണ്ടെത്തി. വാഴക്കുല ചായുന്നത് ഭൂഗുരുത്വ പ്രകാശാനുകൂല ചലനത്തിന് വിധേയമായാല്‍ കുല മികച്ചിരിക്കുമെന്നും കണ്ടെത്തി. മരോട്ടി എണ്ണ നേര്‍പ്പിച്ചത് കുരുമുളകിന്റെ ദ്രുതവാട്ടം തടയുമെന്ന് തിരിച്ചറിഞ്ഞു. ഈ ഗവേഷണഫലം ജൈവ വൈവിധ്യ ബോര്‍ഡ് പ്രസിദ്ധീകരിച്ചു.
ഒരു കൃഷി വിദഗ്ധന്‍ ഹൃദയസ്പര്‍ശിയായ ജീവിതാനുഭവങ്ങളെയും പ്രതിസന്ധികളെയും അടയാളപ്പെടുത്തുന്ന അസാധാരണ കൃതിയാണ് പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍. ഭക്ഷണമില്ലാതെ മരിച്ചവരുടെ സ്മരണയും അവരുടെ അവസ്ഥയും കൃഷിയെന്ന പരിഹാര പഥം കണ്ടെത്താനുള്ള യാത്രയും ഈ പുസ്തകത്തില്‍ ചുരുളഴിയുന്നു. കൃഷി പാരമ്പര്യത്തിന്റെ പുനരുജ്ജീവനത്തിലൂടെയും സ്വതന്ത്രമായ ഭക്ഷ്യ സുരക്ഷ ഉറപ്പിക്കുന്ന കര്‍ഷക വൃത്തിയുടെ പ്രാധാന്യത്തിലൂടെയും കടന്നു പോകുന്ന ഈ പുസ്തകം കൃഷിയിലേക്ക് പുതിയ കണ്ണുകളോടെ നോക്കാനുള്ള ഒരു നവ പാഠം പകര്‍ന്നു നല്‍കുന്നു.