രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീര്‍ഷകങ്ങളായും കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സിനിമയില്‍ നിലനിന്നിരുന്നെന്ന്
കെ.സി. വേണുഗോപാല്‍ എം.പി. സിനിമയായാലും സാഹിത്യമായാലും ഈ ശീര്‍ഷകങ്ങളും പേരുകളും നിശ്ചയിക്കാനുള്ള അവകാശം അത് സൃഷ്ടിച്ചവര്‍ക്കാണെന്നും
കെ.സി. വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ചോറാണ് സിനിമയെന്ന് നിരവധി വട്ടം നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നത് കേട്ടിട്ടുണ്ട്. ആ ചോറിന് മുകളില്‍ താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്. മൗനം വെടിഞ്ഞ് സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും മന്ത്രി ശബ്ദിക്കണമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ നടക്കുന്നത് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണെന്നും ഇത്തരം ശീര്‍ഷകമുള്ള നിരവധി സിനിമകള്‍ രാജ്യത്തിറങ്ങിയിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് അന്നൊക്കെയും ജനാധിപത്യ സ്വഭാവമുള്ള, ആ സ്ഥാപനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചിരുന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
അതിനപ്പുറമൊരു നിലപാട് സ്വീകരിക്കാനും ഭരണഘടനയ്ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാനും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നിലപാട് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എമ്പുരാന്‍ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ട സ്ഥിതിയുണ്ടായെന്നും ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കേണ്ടതെന്നും കെ സി വേമുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുമാണെന്നും ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും പേരും ഒടുവില്‍ കലാരൂപവും എന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണോ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.