ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്തു വീട്ടുവളപ്പില്‍നിന്ന് മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു ക്രൈംബ്രാഞ്ച്. കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ(ജെയ്‌ന്‍ മാത്യു), ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ എന്നിവര്‍ക്കു പുറമേ 13 വര്‍ഷം മുമ്പ് ചേര്‍ത്തല വാരനാട് നിന്ന് കാണാതായ ഐഷ എന്ന മധ്യവയസ്‌കയുടെ തിരോധാനത്തിലും ഇപ്പോള്‍ അറസ്‌റ്റിലായ സെബാസ്‌റ്റ്യന് പങ്കുണ്ടോയെന്ന സംശയത്തിലാണു പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നത്.
ചേര്‍ത്തല പള്ളിപ്പുറം ചങ്ങത്തറ സെബാസ്‌റ്റ്യനെ കൊലപാതകക്കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. രണ്ടേക്കര്‍ വിസ്‌തൃതിയിലുള്ള കാടുപിടിച്ചുകിടന്ന ഇയാളുടെ വീട്ടുവളപ്പില്‍നിന്ന് മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ജെയ്‌നമ്മയുടെ സഹോദരങ്ങളുടെ ഡി.എന്‍.എ പരിശോധനയ്‌ക്ക് നടപടിയായിരുന്നു. പിന്നാലെ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ ബന്ധുക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ കൂടി ശേഖരിച്ച് പരിശോധന നടത്താന്‍ സ്‌റ്റേറ്റ് ക്രൈംബ്രാഞ്ച് നീക്കമാരംഭിച്ചു. സെബാസ്‌റ്റ്യന്റെ വീടിനുള്ളില്‍ വിശദമായ പരിശോധന നടത്താന്‍ ആര്‍.ഡി.ഒയുടെ അനുമതി തേടും.
സെബാസ്‌റ്റ്യന്റെ വീടിന്റെ തറയില്‍ അടുത്തിടെ ഗ്രാനൈറ്റ് സ്‌ഥാപിച്ചതാണ് ദുരൂഹത വര്‍ധിപ്പിച്ചത്. കാലപ്പഴക്കം ചെന്ന വീടിനുള്ളില്‍ ഇത്തരം നിര്‍മാണം നടത്തിയത് പരിശോധിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥരുടെ വിലയിരുത്തല്‍. ഗ്രാനൈറ്റ് ഉള്‍പ്പടെയുള്ള തറ ഇളക്കി പരിശോധിക്കാനാണ് ശ്രമം. ഇതിനിടെയാണ് വാരനാട് സ്വദേശി ഐഷയുടെ തിരോധാനത്തിലും സംശയമുന സെബാസ്‌റ്റ്യനിലേക്ക് തിരിയുന്നത്.
2012 മേയ് 13നാണ് ഐഷയെ കാണാതായത്. ബാങ്കില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ഐഷ തിരിച്ചെത്തിയില്ല. പഞ്ചായത്ത് ജീവനക്കാരിയായി വിരമിച്ച് രണ്ട് വര്‍ഷത്തിനുള്ളിലാണ് ഐഷയുടെ തിരോധാനമുണ്ടായത്. കുടുംബാംഗങ്ങള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബ വീടിനോട് ചേര്‍ന്ന് വീട് വെയ്‌ക്കുന്നതിനായി ഐഷ സ്‌ഥലം വാങ്ങിയിരുന്നു. പണം മുഴുവനായി ഉടമയ്‌ക്ക് നല്‍കിയില്ലെന്ന് പിന്നീട് കണ്ടെത്തി. സ്‌ഥലമിടപാടുമായി ബന്ധപ്പെട്ട് ഐഷ, റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ സെബാസ്‌റ്റ്യനെ ബന്ധപ്പെട്ടിരുന്നതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിലാണ് ഐഷ തിരോധാന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം പുനരാരംഭിക്കുന്നത്. ഐഷയുടെ തിരോധാനത്തില്‍ നേരത്തെ നാട്ടുകാര്‍ സെബാസ്‌റ്റ്യനെതിരേ ആരോപണവുമായി രംഗത്തുവന്നിരുന്നു.
സെബാസ്‌റ്റ്യന്റെ പുരയിടത്തില്‍നിന്ന് ലഭിച്ച ശരീര അവശിഷ്‌ടങ്ങള്‍ക്ക് പഴക്കമുണ്ടെന്ന സംശയം ഫോറന്‍സിക് വിദഗ്‌ധര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റാരുടെയെങ്കിലും മൃതദേഹമാണോ ഇതെന്ന സംശയവും നിലനില്‍ക്കുന്നു. അതിനാലാണ് ബിന്ദുവിന്റെ ബന്ധുക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ പുരയിടം വൃത്തിയാക്കിയപ്പോള്‍ സംശയകരമായൊന്നും കണ്ടിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ഡിസംബര്‍ 23 നാണ് ജയ്‌നമ്മയെ കാണാതായത്. അതാണ് ജയ്‌നമ്മയുടെ ശരീര അവശിഷ്‌ടമാകാമെന്ന പോലീസ് നിഗമനം ബലപ്പെടുത്തിയത്.
ജി. ഹരികൃഷ്‌ണന്‍