• Wed. May 13th, 2026

24×7 Live News

Apdin News

ജോലി സ്ഥലത്തെ മാനസിക പീഡനം: അമ്മയിലെ ജീവനക്കാരി നൽകിയ പരാതിയിൽ കേസെടുക്കില്ലെന്ന് പോലീസ്

Byadmin

May 13, 2026


കൊച്ചി: ജോലിസ്ഥലത്തെ മാനസിക പീഡനത്തിനെതിരെ അമ്മ’യിലെ ഓഫീസ് മാനേജർ നൽകിയ കേസിൽ പോലീസ് കേസെടുക്കില്ല. പരാതി ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരില്ലെന്നും ജില്ലാ ലേബർ ഓഫീസർക്കാണ് പരാതി നൽകാനും നോർത്ത് പോലീസ് അറിയിച്ചതായാണ് വിവരം.

കഴിഞ്ഞ ദിവസം പോലീസ് യുവതിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. പരാതി പുറത്തുവന്നതിനെ തുടർന്ന് ഇന്നലെ അമ്മ എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പരാതിക്കാരിയായ യുവതിയെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. ജനറൽ സെക്രട്ടറി കുക്കുപരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലും എതിരെയാണ് യുവതി ആരോപണം ഉന്നയിച്ചിരുന്നത്. മാനസിക പീഡനമാണ് ജോലി സ്ഥലത്ത് നേരിടേണ്ടി വന്നതെന്ന് യുവതി പോലീസിൽ മൊഴി നൽകിയിരുന്നു.

ട്രഷററിനെതിരെ പരാതിപ്പെട്ടപ്പോൾ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആലോചിക്കാതെയാണ് ജനറൽ സെക്രട്ടറി നടപടി എടുത്തത് എന്നും പരാതിക്കാരി പറഞ്ഞിരുന്നു. ട്രഷറർ അധിക ജോലി ഏൽപ്പിക്കുകയും, ജോലി സമയം കഴിഞ്ഞാലും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നു. ഇതേപ്പറ്റി ജനറൽ സെക്രട്ടറിയോട് പറഞ്ഞപ്പോൾ ഏപ്രിൽ മാസം 30ാം തീയതി തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

അകാരണമായാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആലോചിച്ച് വേണം ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനെന്ന് അമ്മയുടെ ബൈലോയിൽ പറയുന്നുണ്ട്. എന്നാൽ, അത്തരം കൂടിയാലോചനകളൊന്നും ഉണ്ടായില്ല. തന്റെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തത്. അതിനാൽ, ആ നടപടി അംഗീകരിക്കാനാവില്ല. ജോലി തുടരുന്നതിനായി എല്ലാ സഹായവും ചെയ്തുതരണമെന്നും പരാതിയിൽ യുവതി ഉന്നയിച്ചിരുന്നു.



By admin