ന്യൂദല്‍ഹി: സ്കൂളിൽ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി തേടിക്കൊണ്ടുള്ള ഹർജി തള്ളിക്കളഞ്ഞ അലഹബാദ് ഹൈക്കോടതി വിധിയെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ശക്തമായി വിമർശിച്ചു. ഈ വിധി ഇസ്ലാമിനു നേർക്കുള്ള ആക്രമണമാണെന്ന് വിശേഷിപ്പിച്ച ഒവൈസി, ഏതാണ് അത്യന്താപേക്ഷിതമായതെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളുടെ മതമാണെന്നും അതിൽ തീരുമാനമെടുക്കാൻ ജഡ്ജിമാർ ആരാണെന്നും ചോദിച്ചു. വിധി മതത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് ഭരണഘടനയുടെ 19, 25 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണെന്നും, മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനേ ഇത്തരം വിധികൾ ഉപകരിക്കൂവെന്നും ഉവൈസി ആരോപിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ ‘അത്യന്താപേക്ഷിതമായ മതപരമായ ആചാരങ്ങൾ’ ഏതൊക്കെയാണെന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ അലഹാബാദ് ഹൈക്കോടതി ഇത്തരമൊരു വിധി പ്രസ്താവിക്കരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായ താൽപ്പര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനം നിശ്ചയിച്ചിരിക്കുന്ന യൂണിഫോം കോഡിൽ മാറ്റം വരുത്താൻ ഒരു വിദ്യാർത്ഥിക്കും അവകാശമില്ലെന്ന് ആഗസ്റ്റ് 21-ലെ സുപ്രധാന വിധിയിൽ അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രയാഗ്‌രാജിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അത്യന്താപേക്ഷിതമായ ആചാരമാണെന്ന വാദം ജസ്റ്റിസ് ജെജെ മുനീർ, ജസ്റ്റിസ് ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിക്കളഞ്ഞു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗമല്ലെന്നും, അത് ധരിച്ചില്ലെങ്കിൽ വിശ്വാസം അപകടത്തിലാകും എന്ന് പറയാനാകില്ലെന്നുമാണ് ഈ വിഷയത്തിൽ ഹൈക്കോടതികളുടെയെല്ലാം അഭിപ്രായമെന്ന് കോടതി വിധിച്ചു.