• Thu. Jul 24th, 2025

24×7 Live News

Apdin News

“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ – Chandrika Daily

Byadmin

Jul 23, 2025


ദോഹ: ഗസ്സയിലെ മാധ്യമപ്രവർത്തകർക്കും മാധ്യമ വിദഗ്ധർക്കും എതിരായ നിർബന്ധിത പട്ടിണിയും കുറ്റകൃത്യങ്ങളും തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് പത്രപ്രവർത്തക സമൂഹത്തോടും, പത്രസ്വാതന്ത്ര്യ സംഘടനകളോടും, നിയമ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

21 മാസത്തിലേറെയായി, ഇസ്രായേലിന്റെ ബോംബാക്രമണവും അടിച്ചേൽപ്പിക്കപ്പെട്ട ഭക്ഷ്യക്ഷാമവും ഗസ്സയിലെ ഏകദേശം 20 ലക്ഷത്തോളം വരുന്ന ജനങ്ങളെ മാനുഷിക ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ഈ തുടർച്ചയായ വംശഹത്യയെക്കുറിച്ച് ധീരമായി റിപ്പോർട്ട് ചെയ്തവരാണ് മാധ്യമപ്രവർത്തകർ. ഈ ക്രൂരതകളിലേക്ക് വെളിച്ചം വീശുന്നതിനായി തങ്ങളുടെ ജീവൻ പണയപ്പെടുത്തി, കുടുംബങ്ങളുടെ സുരക്ഷയും അപകടത്തിലാക്കി പ്രവർത്തിച്ചവർ ഇപ്പോൾ സ്വന്തം നിലനിൽപ്പിനായി പോരാടുകയാണ്.

തങ്ങളുടെ തുടരാനുള്ള ശേഷി ക്ഷയിച്ചുവരുന്നുവെന്നാണ് ജൂലൈ 19ന്, അൽ ജസീറ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ്ഹൃ ചെയ്ത സന്ദേശങ്ങൾ സൂചിപ്പിക്കുന്നത്. ​ഗസ്സയിലെ അൽ ജസീറ അറബിക് ചാനൽ ലേഖകനായ അനസ് അൽ ഷരീഫിന്റെ ഒരു പോസ്റ്റിൽ ഇങ്ങനെ പറയുന്നു “21 മാസത്തിനിടെ ഒരു നിമിഷം പോലും ഞാൻ വാർത്ത നൽകുന്നത് നിർത്തിയിട്ടില്ല, ഇന്ന് ഞാൻ അത് തുറന്നു പറയുന്നു… വിവരണാതീതമായ വേദനയോടെ. ഞാൻ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്, ഓരോ നിമിഷവും എന്നെ പിന്തുടരുന്ന ബോധക്ഷയത്തെ ചെറുക്കുന്നു… ഗസ്സ മരിക്കുകയാണ്. ഞങ്ങളും അതിനൊപ്പം മരിക്കുന്നു”

“ഗസ്സയിലെ ധീരരായ പത്രപ്രവർത്തകർക്ക് അവരുടെ ശബ്ദം വർധിപ്പിക്കാനും ഇസ്രായേൽ അധിനിവേശ സേനയുടെ നിർബന്ധിത പട്ടിണിയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും കാരണം അവർ അനുഭവിക്കുന്ന അസഹനീയമായ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.”

“പത്രപ്രവർത്തക സമൂഹത്തിനും ലോകത്തിനും വലിയൊരു ഉത്തരവാദിത്തമുണ്ട്; ഈ മഹത്തായ തൊഴിലിൽ നമ്മുടെ സഹപ്രവർത്തകരെ പിന്തുണയ്ക്കുന്നതിന് നമ്മുടെ ശബ്ദമുയർത്തുകയും ലഭ്യമായ എല്ലാ മാർഗങ്ങളും സമാഹരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഇപ്പോൾ നമ്മൾ നടപടിയെടുക്കുന്നില്ലെങ്കിൽ, നമ്മുടെ കഥകൾ പറയാൻ ആരും അവശേഷിക്കാത്ത ഒരു ഭാവിയിലേക്ക് നമ്മൾ നീങ്ങേണ്ടിവരും. നമ്മുടെ നിഷ്ക്രിയത്വം നമ്മുടെ സഹ പത്രപ്രവർത്തകരെ സംരക്ഷിക്കുന്നതിൽ വലിയ പരാജയമായും ഓരോ പത്രപ്രവർത്തകനും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന തത്വങ്ങളുടെ വഞ്ചനയായും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.”- ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ ദുരവസ്ഥയെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് അൽ ജസീറ മീഡിയ നെറ്റ്‌വർക്കിന്റെ ഡയറക്ടർ ജനറൽ ഡോ. മുസ്തഫ സൗഗ് പറഞ്ഞു.

2023 ഒക്ടോബർ മുതൽ, ഇസ്രായേൽ അധിനിവേശ സേന അഞ്ച് അൽ ജസീറ പത്രപ്രവർത്തകരെ വധിച്ചു. സമീർ അബുദഖ, ഹംസ അൽദഹ്ദൂഹ്, ഇസ്മാഈൽ അൽ-ഗൗൾ, അഹമ്മദ് അൽ-ലൗഹ്, ഹൊസം ഷബാത് എന്നിവരാണ് കൊല്ലപ്പെട്ടത്. അൽ ജസീറയുടെയും മറ്റ് പത്രപ്രവർത്തകരുടെയും കുടുംബാംഗങ്ങളെയും ഇസ്രായേൽ വധിച്ചിട്ടുണ്ട്. എന്നിട്ടും ഈ ധീരരായ പത്രപ്രവർത്തകരും അവരുടെ സഹപ്രവർത്തകരും, ഇസ്രായേൽ ഭരണകൂടം അവരെ നിശബ്ദരാക്കാൻ പ്രയോഗിക്കുന്ന ഭീഷണികൾക്കും സമ്മർദ തന്ത്രങ്ങൾക്കും വഴങ്ങാൻ വിസമ്മതിക്കുകയാണ്.

ഇത്തരം ഭീഷണികൾക്ക് വഴങ്ങുന്നത് ഗസ്സയിലെ സിവിലിയൻ ജനതയുടെമേൽ തുടർച്ചയായി നടക്കുന്ന വംശഹത്യ, നിർബന്ധിത പട്ടിണി, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുടെ വാർത്താകൾ ഏതാണ്ട് പൂർണമായും നിർത്തലാക്കാൻ കാരണമാകും.

സത്യത്തിന്റെ വാഹകരായ മാധ്യമപ്രവർത്തകരെ പോലും വെറുതെ വിടാത്ത ഈ നിർബന്ധിത പട്ടിണി അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് ആവശ്യപ്പെട്ടു.



By admin