ലഖ്‌നൗ: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തി തലയറുത്ത് മാറ്റി ഭർത്താവ്. ഉത്തർപ്രദേശിലെ ഹാർദോയി കോട്‌വാലി നഗരപരിധിയിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ ഭർത്താവ് തന്നെ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. 30 കാരിയായ നഗ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവും ടാക്സി ഡ്രൈവറുമായ പർവേസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച പുലർച്ചെ 1:30 ഓടെ ഇസ്ലാംനഗർ തിലിയയിലെ വാടകവീട്ടിലാണ് സംഭവം. ഭാര്യ ഉറങ്ങിക്കിടക്കുമ്പോൾ കത്തിയെടുത്ത് കുത്തിക്കൊലപ്പെടുത്തുകയും തുടർന്ന് തല വെട്ടിമാറ്റുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
12 വർഷം മുമ്പ് വിവാഹിതരായ ഇരുവരും ഒന്നര മാസം മുമ്പാണ് ഇവിടെ വാടകയ്ക്ക് താമസം തുടങ്ങിയത്. നഗ്മ ഫോണിൽ സംസാരിക്കുന്നതിനെയും അവിഹിത ബന്ധമുണ്ടെന്ന സംശയത്തെയും ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നു.
കൃത്യം നടത്തിയ ശേഷം വീട് പുറത്തുനിന്ന് പൂട്ടി പർവേസ് നേരെ സിറ്റി പോലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം വേർപെട്ട നിലയിൽ നഗ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പർവേസും കുടുംബവും നഗ്മയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി കൊല്ലപ്പെട്ട നഗ്മയുടെ സഹോദരി ഷാബ്ബോ ആരോപിച്ചു.സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് സുബോധ് ഗൗതം അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.