സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.
രാധിക യാദവിനു നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത പിതാവിനെ മറ്റ് കുടുംബാംഗങ്ങളുടെ മൊഴിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരയായ രാധിക യാദവ് ഒന്നിലധികം സംസ്ഥാനതല ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഹരിയാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക സ്പോര്‍ടിംഗ് സര്‍ക്യൂട്ടിലെ വളര്‍ന്നുവരുന്ന താരമായി കണക്കാക്കപ്പെട്ടിരുന്നു.
ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ രാവിലെ 11.30നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
രാധിക യാദവ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ച വീഡിയോ റീലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിതാവുമായുള്ള വഴക്കിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റില്‍ പ്രകോപിതനായ പിതാവ് ലൈസന്‍സുള്ള റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീട്ടില്‍ പിരിമുറുക്കത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ‘അച്ഛന്‍ പ്രകോപിതനായി അവളെ വെടിവച്ചു. ഉപയോഗിച്ച ആയുധം ലൈസന്‍സുള്ള റിവോള്‍വര്‍ ആയിരുന്നു, വീട്ടില്‍ നിന്ന് കണ്ടെടുത്തു,’ അദ്ദേഹം പറഞ്ഞു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധികയെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സെക്ടര്‍ 56 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു.
വെടിയേറ്റ് പരിക്കേറ്റ ഒരു സ്ത്രീയെ കുറിച്ച് ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും അവള്‍ മരിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള്‍ പിതാവാണ് ഉത്തരവാദിയെന്ന് സ്ഥിരീകരിച്ചു,’ അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി പ്രതിയെ മാനസികമായി വിലയിരുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
രാധികയുടെ മരണം വലിയ നഷ്ടമാണെന്ന് മുമ്പ് പരിശീലകനായിരുന്ന മനോജ് ഭരദ്വാജ് പറഞ്ഞു. ‘അവള്‍ ശ്രദ്ധയും അച്ചടക്കവും അപാരമായ കഴിവുള്ളവളുമായിരുന്നു. ഇത് വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.