• Fri. Jul 4th, 2025

24×7 Live News

Apdin News

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

Byadmin

Jul 2, 2025



ന്യൂദല്‍ഹി: കുറഞ്ഞ ഇറക്കുമതി തീരുവയോടെ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കപ്പെടുമെന്ന് സൂചനകള്‍ പുറത്തുവരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള കരാര്‍ ഒരു വലിയ പ്രതിബന്ധങ്ങളെ തല്ലിത്തകര്‍ത്തുള്ള വിജയമായിരിക്കുമെന്ന ചില സൂചനകള്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയതായി റിപ്പബ്ലിക് ചാനല്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കിയാല്‍ കുറഞ്ഞ താരിഫോടെ കരാര്‍ ഒപ്പുവെയ്‌ക്കപ്പെടുമെന്നും ഇക്കാര്യത്തില്‍ ശുഭപ്രതീക്ഷയോടെ കാര്യങ്ങള്‍ മുന്നേറുന്നതായും ട്രംപ് സൂചിപ്പിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മികച്ച കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇന്ത്യന്‍ വ്യാപാര പ്രതിനിധികള്‍ വാഷിംഗ്ടണില്‍ അവരുടെ താമസം ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. “വളരെ സങ്കീര്‍ണ്ണമായ ഒരു വ്യാപാരക്കരാറില്‍ തങ്ങള്‍ പകുതിയില്‍ അധികം ദൂരം മുന്നേറിക്കഴിഞ്ഞു,”- യുഎസ് സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ നയതന്ത്രപങ്കാളിയെന്ന് വൈറ്റ് ഹൗസ്

ഇതിനിടെ ഇന്ത്യ തങ്ങളുടെ നയതന്ത്ര പങ്കാളിയായിരിക്കുമെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയും ശുഭസൂചന നല്‍കുന്നുണ്ട്. ഈ പ്രസ്താവന പുറത്തുവന്നതോടെ ദീര്‍ഘനാളുകളായി ഇന്ത്യ കാത്തിരിക്കുന്ന യുഎസുമായുള്ള വ്യാപാരക്കരാര്‍ ഇന്ത്യയ്‌ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ വീണ്ടും തളിര്‍ത്തിട്ടുണ്ട്. ട്രംപിന്റെ പ്രസ്താവന വെച്ച് നോക്കിയാല്‍ ഇന്ത്യയുമായുള്ള കരാര്‍ ഉടനെ യാഥാര്‍ത്ഥ്യമാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറയുന്നു. ഓട്ടോ ഘടകങ്ങള്‍, ഉരുക്ക്, കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് ഇപ്പോഴും കരാര്‍ തട്ടിത്തടഞ്ഞു നില്‍ക്കുന്നത്. ഓട്ടോമൊബൈല്‍ പാര്‍ട്സ് രംഗത്ത് ഇന്ത്യ ഇറക്കുമതി തീരുവ വല്ലാതെ വെട്ടിച്ചുരുക്കാന്‍ അമേരിക്ക പ്രേരിപ്പിക്കുകയാണ്. എങ്കിലേ ഇന്ത്യയിലേക്ക് അമേരിക്കയുടെ ഓട്ടൊമൊബൈല്‍ ഉല്‍പന്നങ്ങള്‍ക്ക് കടന്നുവരാന്‍ സാധിക്കൂ. ഇക്കാര്യത്തില്‍ വല്ലാതെ വിട്ടുവീഴ്ച ചെയ്യാന്‍ ഇന്ത്യ ഒരുക്കമല്ല. യുഎസിന്റെ കാര്‍ഷികോല്‍പന്നങ്ങളായ അവൊകാഡോ, ആപ്പിള്‍, ആല്‍മണ്ട്, എത്തനോള്‍, വൈന്‍, സ്പീരിറ്റ് എന്നിവയ്‌ക്ക് വന്‍തോതില്‍ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്‌ക്കേണ്ടതായി വരും. ഈ രംഗത്തേ താരിഫ് റേറ്റ് ക്വാട്ടകളിലും ഇന്ത്യ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. അതേ സമയം അരി, പാലുല്‍പന്നങ്ങള്‍, ഗോതമ്പ് തുടങ്ങിയ ഇന്ത്യയുടെ ഗ്രാമങ്ങളുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഉല്‍പന്നങ്ങളുടെ മേഖല യുഎസിന് യാതൊരു കാരണവശാലും തുറന്നുകൊടുക്കില്ലെന്ന് നിര്‍ബന്ധം ഇന്ത്യയ്‌ക്കുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ അത് വലിയ അസ്വാരസ്യങ്ങള്‍ക്ക് കാരണമാവും. ജപ്പാന്‍, മറ്റ് രാജ്യങ്ങള്‍ എന്നിവയേക്കാള്‍ ഇന്ത്യയുമായി ഒരു വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കുന്നതിന് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ആകാംക്ഷയുണ്ടെന്നും പറയപ്പെടുന്നു.

ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനവും അത് ഇന്ത്യ-യുഎസ് ബന്ധത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതവും എന്തായിരിക്കുമെന്ന ഇന്ത്യയിലെ വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിനാണ് ഇന്ത്യ എല്ലാക്കാലത്തും യുഎസിന്റെ നയതന്ത്രപങ്കാളിയായിരിക്കുമെന്ന് കരോലീന്‍ ലീവിറ്റ് പറഞ്ഞത്. ഏഷ്യാപസഫിക് മേഖലയില്‍ യുഎസിന്റെ നയതന്ത്രപങ്കാളിയായിരിക്കും ഇന്ത്യയെന്നും ട്രംപും മോദിയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും അത് അങ്ങിനെ തന്നെ ഭാവിയിലും തുടരുമെന്നും കരോലീന്‍ ലീവിറ്റ് പ്രസ്താവിച്ചിരുന്നു.

ജൂലായ് 8,9 തീയതികളാണ് വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കേണ്ട അവസാന തീയതികള്‍. അതിനു മുന്നോടിയായി അവസാനവട്ടചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്. 10 ശതമാനം താരിഫ് ആണ് യുഎസില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നത്. അതിന് മുകളിലായാല്‍ അത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്.

ഇതുവരെ ബ്രിട്ടന്‍ മാത്രം
ഇതുവരെ ബ്രിട്ടന്‍ മാത്രമാണ് യുഎസുമായി വ്യാപാരക്കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. 10 ശതമാനം ഇറക്കുമതി തീരുവയോടെ ബ്രിട്ടന് യുഎസുമായി മികച്ച വ്യാപാരക്കരാര്‍ ഉണ്ടാക്കാനായി. ബ്രിട്ടീഷ് എയര്‍ ക്രാഫ്റ്റ് എഞ്ചിനും ബീഫിനും പ്രത്യേക അനുവാദവും ബ്രിട്ടന്‍ നേടിയെടുത്തു.

By admin