പത്തനംതിട്ട: ശബരിമലയിലേക്ക് ട്രാക്ടര്‍യാത്ര ചെയ്ത് വിവാദം വിളിച്ചുവരുത്തിയ എഡിജിപി എം.ആര്‍. അജിത്കുമാര്‍ ശബരിമലദര്‍ശനത്തിലും ചട്ടലംഘനം നടത്തിയതായി ആക്ഷേപം. രാത്രി ഹരിവരാസന സമയത്ത് നേര്‍ക്കുനേര്‍ നിന്ന് ദര്‍ശനം നടത്താന്‍ ആറു മിനിറ്റിലധികം സമയം അനുവദിച്ചെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് പോലും എഡിജിപിയുടെ പിന്നിലൂടെ പോകേണ്ടി വന്നെന്നുമാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
എല്ലാ ഭക്തര്‍ക്കും തുല്യഅവകാശമെന്നിരിക്കെ പോലീസ് എഡിജിപിയ്ക്ക് വഴിവിട്ട് സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. നേരെ നിന്ന് ദര്‍ശനം നടത്താനും തൊഴാനും അനുവദിച്ചെന്നും ഹരിവരാസനം തുടങ്ങുന്നതിന് മുമ്പുമുതല്‍ കഴിയുന്ന സമയം വരെ പൂര്‍ണ്ണമായും സന്നിധാനത്ത് തന്നെ ദര്‍ശനത്തിന് അവസരം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ യാത്ര ചെയ്ത് എത്തിയ ഭക്തരെ മൂന്ന് സെക്കന്റ് പോലും ദര്‍ശനത്തിന് അവസരം നല്‍കാതെ അജിത്കുമാറിന്റെ പിന്നിലൂടെ പോലീസ് അവിടെ നിന്നും മാറ്റിയെന്നുമാണ് ആക്ഷേപം.
നേരത്തേ സ്വാമി അയ്യപ്പന്‍ റോഡിലൂടെ ട്രാക്ടറില്‍ ശബരിമലയിലേക്ക് പോയത് വിവാദമായിരുന്നു. ഈ റോഡില്‍ സാധനങ്ങള്‍ കൊണ്ടുപോകാനല്ലാതെ ട്രാക്ടറുകള്‍ ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം ലംഘിക്കപ്പെടുകയും ചെയ്തതായി കണ്ടെത്തി. എന്നാല്‍ നടന്നുപോകുമ്പോള്‍ കാല്‍ കഴച്ചതിനെ തുടര്‍ന്ന് അതിലേ വന്ന ട്രാക്ടറില്‍ കയറിയെന്നായിരുന്നു ഇതിന് അജിത്കുമാര്‍ നല്‍കിയ മറുപടി. സംഭവത്തില്‍ എഡിജിപിയ്‌ക്കൊപ്പം സഞ്ചരിച്ച ആള്‍ക്കാര്‍ക്കെതിരേ പത്തനംതിട്ട പോലീസ് കേസെടുത്തതും വിവാദമായിരുന്നു. നേരത്തേ ദിലീപിന് ശബരിമലയില്‍ വിവിഐപി പരിഗണന നല്‍കിയതിന് ഹൈക്കോടതിയുടെ വിമര്‍നെം ഉണ്ടായതാണ്. എന്താണ് ഇവര്‍ക്ക് പ്രത്യേകതയെന്ന് ചോദിച്ച ഹൈക്കോടതി കര്‍ശനമായ നടപടിയെടുക്കുകയും മേലില്‍ ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്നും പോലീസിനെ വിമര്‍ശിക്കുകയും ചെയ്തു.