ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് ഡല്‍ഹി മുഖ്യമന്ത്രിയുടെ കത്ത്. ഡല്‍ഹി സ്‌റ്റേഷന് മഹാരാജ അഗ്രസെന്‍ റെയില്‍വേ സ്റ്റേഷനെന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനാണ് കത്തയച്ചത്. നിര്‍ദ്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിന് പിന്തുണയും ഇടപെടലും ആവശ്യപ്പെട്ടു.
അഹിംസ, സമാധാനം, സാമൂഹ്യനീതി എന്നിവയുടെ ആദര്‍ശങ്ങള്‍ക്ക് പേരുകേട്ട ഇതിഹാസ വ്യക്തിത്വത്തിന്റെ ബഹുമാനാര്‍ത്ഥമാണ് പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 19 ലെ കത്തില്‍, ഈ നീക്കം മഹാരാജാ അഗ്രസെന്നിനുള്ള ‘ഉചിതമായ ആദരാഞ്ജലി’ ആയി വര്‍ത്തിക്കുമെന്ന് മിസ് ഗുപ്ത പറഞ്ഞു. ഇന്ത്യയുടെ, പ്രത്യേകിച്ച് ഡല്‍ഹിയിലെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ അഗാധമായ സ്വാധീനം ചെലുത്തിയ ചരിത്രപുരുഷനായ മഹാരാജാ അഗ്രസെന്നിന്റെ ബഹുമാനാര്‍ത്ഥം പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റുന്നതിന് ബഹുമാനപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
ഡല്‍ഹിയിലെ മഹാരാജ അഗ്രസെന്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നത് അദ്ദേഹത്തെ ഏറ്റവും ബഹുമാനിക്കുന്ന ഡല്‍ഹി നിവാസികള്‍ അദ്ദേഹത്തിന് നല്‍കുന്ന വലിയ ആദരാഞ്ജലിയാകുമെന്നും കത്തില്‍ പറയുന്നു. മാത്രമല്ല, സാമൂഹ്യനീതി, സാമ്പത്തിക ജ്ഞാനം, സമൂഹക്ഷേമം എന്നിവയുടെ പ്രതീകമായി മഹാരാജാ അഗ്രസെന്‍ പരക്കെ ആദരിക്കപ്പെടുന്നുവെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.