ലഖ്നൗ: സിപിഐയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കി അധപതിപ്പിക്കുന്നുവെന്ന പരാതി ഉയരുമ്പോള്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി തന്റെ പാര്‍ട്ടിയെ കുടുംബവാഴ്ചയില്‍ നിന്നും മോചിപ്പിക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും അതിന് കഴിയാത്ത കാഴ്ചയാണ് ഈയാഴ്ച കണ്ടത്.
സിപിഐയുടെ വനിതാ വിംഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ആനി രാജ. ഇപ്പോള്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായി മകള്‍ അപരാജിത രാജ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതോടെയാണ് പാര്‍ട്ടിയുടെ അധികാരം കുടുംബത്തിന്റെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമത്തിനെതിരെ വിമര്‍ശനം ഉയരുന്നത്.
അതേ സമയം ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി തന്റെ മരുമകന്‍ ആകാശ് ആനന്ദ്, ആകാശ് ആനന്ദിന്റെ സഹോദരി ദീപിക ആനന്ദ് എന്നിവരെ പ്രധാന പദവികളില്‍ നിന്നും ഒഴിവാക്കി. മായാവതിയുടെ ഇളയ സഹോദരന്‍ ആനന്ദിന്റെ മക്കളാണ് ഇവര്‍. ഇവരെ ഒഴിവാക്കാന്‍ കാരണം ആകാശ് ആനന്ദില്‍ തന്റെ വിവാഹത്തിന് ശേഷം ഉണ്ടായ മാറ്റമാണെന്ന് പറയുന്നു. ഭാര്യയുടെ അച്ഛന്‍ അശോക് സിദ്ധാര്‍ത്ഥിന്റെ അജണ്ടകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചതായിരുന്നു ആകാശ് ആനന്ദിന്റെ പ്രശ്നം.
ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനം ഉയര്‍ത്തിവിട്ടതോടെയാണ് ആകാശ് ആനന്ദിന്റെ പാര്‍ട്ടിയുടെ തലപ്പത്ത് നിന്നും നീക്കം ചെയ്യാന‍് മായാവതി തീരുമാനിച്ചത്. ആകാശ് ആനന്ദിനെപ്പോലെ അവന്റെ സഹോദരി ദീപിക ആനന്ദും വിവാഹശേഷം ഇതുപോലെ മാറിയേക്കും എൻ്ന കരുതിയാണ് ദീപിക ആനന്ദിനെയും പാര്‍ട്ടിയുടെ തലപ്പത്ത് നിന്നും മായാവതി ഒഴിവാക്കിയത്. പക്ഷെ മായാവതി അപ്പോഴും കുടുംബ പശ്ചാത്തലത്തില്‍ നിന്നും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈവിടാന്‍ തയ്യാറില്ല. പകരം ഇളയസഹോദരന്‍ ആനന്ദിന്റെ തന്നെ ഇളയമകന്‍ ഇഷാന്‍ ആനന്ദിനെ ചുമതല ഏല്‍പിക്കാനാണ് മായാവതിയുടെ തീരുമാനം. അവന്‍ മൂത്തവരെപ്പോലെ അത്രയ്‌ക്ക് മോശമാകില്ലെന്നാണ് മായാവതിയുടെ വിലയിരുത്തല്‍. പക്ഷെ ഭാവിയില്‍ പാര്‍ട്ടിക്കെതിരായ നിലപാടുകള്‍ ഉണ്ടായാല്‍ പുറത്താക്കുക തന്നെ ചെയ്യുമെന്നും മായാവതി പറയുന്നു. അതായത് കുടുംബവാഴ്ചയില്‍ നിന്നും പുറത്തുകടക്കാന്‍ അവര്‍ക്ക് ഇഷ്ടമില്ലെന്ന് അര്‍ത്ഥം. അതേ സമയം, ഇളയസഹോദരന്‍ ആനന്ദ് കുമാറിന്റെ കുടുംബത്തില്‍ നിന്നുള്ള മറ്റൊരാള്‍ക്കും ഇനി പാര്‍ട്ടി ഉത്തരവാദിത്വം നല്‍കില്ലെന്നും മായാവതി ചൂണ്ടിക്കാട്ടി.
ബി.എസ്.പി. സ്ഥാപകനായ കാൻഷി റാമിന്റെയും കുടുംബാംഗങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെയും അടിസ്ഥാനത്തിലാണ് താൻ ഈ തീരുമാനമെടുത്തതെന്ന് മായാവതി വ്യക്തമാക്കി.
രാഷ്‌ട്രീയത്തിൽ പ്രവേശിച്ചതിനുശേഷം കാൻഷി റാം തന്റെ അടുത്ത ബന്ധുക്കളെ രാഷ്‌ട്രീയ നേട്ടങ്ങളിൽ നിന്ന് അകറ്റിനിർത്തിയിരുന്നുവെന്നും, പാർട്ടി സംഘടനയിൽ “നിസ്വാർത്ഥമായ അർപ്പണബോധത്തോടെ” പ്രവർത്തിക്കാൻ മാത്രമേ അവരെ അനുവദിച്ചിരുന്നുള്ളൂവെന്നും അവർ പറഞ്ഞു.
താനും ആ സമീപനം പിന്തുടരാൻ ശ്രമിച്ചിട്ടുണ്ടെന്നും ബഹുജൻ സമാജിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചെന്നും മായാവതി പറഞ്ഞു.
എന്നാൽ, ഒരു സ്ത്രീ എന്ന നിലയിൽ തന്റെ സഹോദരങ്ങളിൽ ഒരാളെയെങ്കിലും കൂടെ നിർത്തേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും, ഇളയ സഹോദരൻ ആനന്ദ് കുമാർ വർഷങ്ങളോളം തനിക്കൊപ്പം പ്രവർത്തിച്ചിരുന്നതിനാലാണ് അവന്റെ മക്കള്‍ക്ക് സ്ഥാനം നല്‍കിയതെന്നും അവർ വിശദീകരിച്ചു.
മക്കള്‍ രാഷ്‌ട്രീയം തള്ളിക്കളഞ്ഞ ബി.ആര്‍. അംബേദ്കര്‍
കുടുംബബന്ധങ്ങളേക്കാൾ ഉപരിയായി പൊതുതാൽപ്പര്യങ്ങൾക്കും സംഘടനാപരമായ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുന്നതിന്റെ ഉദാഹരണമായി, 1956 ഫെബ്രുവരി 23-ന് ബി.ആർ. അംബേദ്കർ തന്റെ മകൻ യശ്വന്ത് ബി. അംബേദ്കറിന് എഴുതിയ കത്തും മായാവതി ചൂണ്ടിക്കാട്ടി.
ആ കത്തിലെ വിവരങ്ങൾ അനുസരിച്ച്, ബുദ്ധിസ്റ്റ് ഭൂഷൺ പ്രിന്‍റിംഗ് പ്രസ്സിലെ പെരുമാറ്റത്തിന്റെ പേരിൽ അംബേദ്കർ മകന് മുന്നറിയിപ്പ് നൽകുകയും, ആ പ്രസ്സ് പൊതുസ്വത്താണെന്നും തങ്ങളിലൊരാളുടെയും സ്വകാര്യ സ്വത്തല്ലെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ മകനെ പ്രസ്സിൽ നിന്ന് നീക്കം ചെയ്യുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നതായി മായാവതി പറഞ്ഞു.
മുഴുവന്‍ ബഹുജന്‍ സമാജും തന്റെ കുടുംബമെന്ന് മായാവതി
സെപ്റ്റംബർ 23-ന് നടക്കുന്ന ബി.എസ്.പി.യുടെ അഖിലേന്ത്യാ യോഗത്തിൽ, പാർട്ടിയിലെ കുടുംബാംഗങ്ങളുടെ പങ്കിനെക്കുറിച്ചുള്ള വിഷയത്തിനൊപ്പം നിർണായകമായ ദേശീയ-പൊതുതാൽപ്പര്യ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് മായാവതി പറഞ്ഞു.
സംഘടനാപരമായ പ്രവർത്തനങ്ങളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
രാഷ്‌ട്രീയത്തിൽ വിജയം നേടാനും സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാനും ആഗ്രഹിക്കുന്നവർ സഹോദരീസഹോദരന്മാരോടും അടുത്ത ബന്ധുക്കളോടുമുള്ള മമതയ്‌ക്ക് അതീതരായി, “പൂർണ്ണ സത്യസന്ധതയോടും അർപ്പണബോധത്തോടും കൂടി” പ്രവർത്തിക്കണമെന്ന് അവർ പറഞ്ഞു.
“മുഴുവൻ ‘ബഹുജൻ സമാജും’ ആണ് എന്റെ യഥാർത്ഥ കുടുംബം,” എന്ന് പറഞ്ഞ മായാവതി, ചൂഷണം ചെയ്യപ്പെടുന്ന ഒരു വിഭാഗത്തിൽ നിന്ന് ഭരണവർഗമായി സമൂഹത്തെ മാറ്റിയെടുക്കാൻ അധികാരം ഉപയോഗിക്കുക എന്നതാണ് തന്റെ രാഷ്‌ട്രീയ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
അംബേദ്കറെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട്, “എന്റെ സഹോദരീസഹോദരന്മാർക്കെതിരെ പോലും എന്ത് നടപടിയും സ്വീകരിക്കാൻ” തനിക്ക് മടിയില്ലെന്ന് പറഞ്ഞ അവർ, ഇതാണ് തന്റെ ദൃഢനിശ്ചയമെന്നും വ്യക്തമാക്കി.