കൊച്ചി: വ്യക്‌തികളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നു കേന്ദ്ര ആധാര്‍ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയിലാണു ഹൈക്കോടതി ആധാര്‍ അതോറിറ്റിയുടെ വിശദീകരണം തേടിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചില വ്യക്‌തികളുടെ ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നു ആധാര്‍ അതോറിറ്റിയോടു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.
നിരസിച്ചതിനേ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടുത്തമാസം 14 ഹൈക്കോടതി വീണ്ടും പരിഗണിക്കും. കൊടുംകുറ്റവാളികള്‍, മിസിംഗ് കേസുകള്‍, അജ്‌ഞാത മൃതദേഹം തിരിച്ചറിയല്‍ തുടങ്ങിയ കേസുകളില്‍ വ്യക്‌തിയുടെ ബയോമെട്രിക് വിവരങ്ങള്‍ പോലീസിനു ആവശ്യമാണ്.
ഇത്തരത്തിലുള്ള ഇരുപതോളം കേസുകളുടെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ആളെ കണ്ടെത്താനോ തിരിച്ചറിയാനോ കഴിയാത്തതിനാല്‍, വര്‍ഷങ്ങള്‍മുമ്പു രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ കഴിയാത്ത സ്‌ഥിതിയാണ്. പലരുടേയും ആധാര്‍ അപ്‌ഡേഷന്‍ നടത്തിയതായി അറിവില്ല.
ഇക്കാര്യത്തില്‍ വിവരം കൈമാറണമെന്നും അതോറിറ്റിയോടു ആവശ്യപ്പെട്ടിരുന്നു. വിരലടയാളം, ഐ മെട്രിക് വിവരങ്ങളാണു ആളെ തിരിച്ചറിയാന്‍ പോലീസിനെ സഹായിക്കുന്നത്. ആധാര്‍ അപ്‌ഡേറ്റ് ചെയ്ാത്തവരുടെ ഫിംഗര്‍ പ്രിന്റ് വ്യക്‌തമാകാത്ത സ്‌ഥിതിയുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത അനേകം കേസുകളാണു പോലീസിലും ക്രൈംബ്രാഞ്ചിലുമായി കെട്ടിക്കിടക്കുന്നത്. മൂന്നുവര്‍ഷം മുമ്പു ആലപ്പുഴയില്‍ കണ്ടെത്തിയ അജ്‌ഞാത മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ബയോമെട്രിക് വിവരങ്ങള്‍ ഒത്തുനോക്കാനാണു ആധാര്‍വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. മലപ്പുറത്തുനിന്നു പത്തുവര്‍ഷംമുമ്പു അമ്മയേയും കുഞ്ഞിനേയും കാണാതായ സംഭവത്തിലും ബയോമെട്രിക് വിവരങ്ങള്‍ നിര്‍ണായകമാകുമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്‌തമാക്കി.
പാലക്കാട് ഇരട്ടക്കൊലക്കേസിലും മരിച്ചവരുടെ ആധാര്‍ വിവരങ്ങള്‍ തേടിയിരുന്നു. എന്നാല്‍, വ്യക്‌തിവിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചാല്‍ മാത്രമേ നല്‍കമെന്നുമാണു ആധാര്‍ അതോറിറ്റിയുടെ നിലപാട്.
അതേസമയം, സമാന കേസില്‍ ആധാര്‍ വിവരങ്ങള്‍ പുറത്തു നല്‍കരുതെന്നു മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിട്ടുണ്ട്.
ജെബി പോള്‍