• Wed. Oct 28th, 2026

24×7 Live News

Apdin News

താന്‍ ഒരിയ്‌ക്കലും അധികാരമോഹിയായിരുന്നില്ലെന്ന് വരുത്താനുള്ള ഹൈലൈറ്റുകളോടെ സോണിയയുടെ ആത്മകഥ

Byadmin

Oct 28, 2026


ന്യൂദല്‍ഹി: 2004ല്‍ കോണ്‍ഗ്രസ് അധികാരം നേടിയപ്പോള്‍ പ്രധാനമന്ത്രിക്കസേര ലക്ഷ്യമാക്കി സോണിയ നടത്തിയ നീക്കം കോണ്‍ഗ്രസിനുള്ളില്‍ നിന്നും പി.എ. സംഗ്മ ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിദേശപൗര ഇന്ത്യന്‍ പ്രധാനമന്ത്രിയാകരുതെന്ന വിമര്‍ശനത്തില്‍ തകര്‍ന്നടിഞ്ഞു. പി.എ. സംഗ്മയ്‌ക്കൊപ്പം ശരദ് പവാറും താരിഖ് അന്‍വറും സോണിയ പ്രധാനമന്ത്രിയാകുന്നതിനെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ എതിര്‍ത്തു. അന്ന് രാഷ്‌ട്രപതി അബ്ദുള്‍ കലാമും അത് ശരിവെച്ചതോടെ സോണിയാഗാന്ധിയുടെ പ്രധാനമന്ത്രി പദമോഹം പൊലിഞ്ഞു.

ഇങ്ങിനെ അധികാരത്വര കാണിച്ചിരുന്ന സോണിയ തന്റെ പുതുതായി ആത്മകഥയില്‍ പറയുന്നു:”രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നില്ല” എന്ന്. നവമ്പര്‍ 10ന് പ്രസിദ്ധീകരിക്കാന്‍ പോകുന്ന ആത്മകഥയ്‌ക്ക് ‌എരിവേറ്റാന്‍ സോണിയ തന്നെ എക്സില്‍ ഈ ആത്മകഥയുടെ ചില കാര്യങ്ങള്‍ പങ്കുവെയ്‌ക്കുകയാണ്.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതോടെ അധികാരത്തിന്റെ സുഖം സോണിയാഗാന്ധി നുകര്‍ന്നിരുന്നു. പിന്നീട് ഇവര്‍ കാണിച്ച ചില അമിതാധികാരപ്രവണതകളെക്കുറിച്ച് പല കഥകളും ദല്‍ഹിയുടെ ഉള്ളുകള്ളികള്‍ അറിയാവുന്ന പത്രപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. എഴുത്തുകാരി തന്‍വീര്‍ സിങ്ങ് അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ്. സോണിയ ഗാന്ധിക്ക് അധികാരത്തോടും സ്വാധീനത്തോടും വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നാണ് തല്‍വീന്‍ സിങ്ങ് തന്റെ പുസ്തകങ്ങളില്‍ എഴുതിയിട്ടുള്ളത്. നേരിട്ട് അധികാരം ഏറ്റെടുക്കുന്നതിന് പകരം, തിരശ്ശീലയ്‌ക്ക് പിന്നിൽ നിന്നുകൊണ്ട് പ്രവർത്തിക്കുകയോ, താൻ നിയമിച്ച നേതാക്കളിലൂടെ അധികാരം പ്രയോഗിക്കുകയോ ചെയ്യുന്ന രീതിയാണ് അവർ പിന്തുടർന്നതെന്ന് ഇവർ വിശേഷിപ്പിക്കാറുണ്ട്. അതിന് ഉദാഹരണമാണ് 2004ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ‌എത്തിയ ശേഷം റബ്ബര്‍ സ്റ്റാമ്പ് പ്രധാനമന്ത്രിയായി മന്‍മോഹന്‍സിങ്ങിനെ നിയമിച്ച ശേഷം സോണിയാഗാന്ധി നടത്തിയ അധികാരത്തിന്റെ പിന്‍സീറ്റ് ഡ്രൈവിംഗ്.

തന്റെ ഭർതൃമാതാവ് ഇന്ദിരാഗാന്ധിയുടെയും (1984) ഭർത്താവ് രാജീവ് ഗാന്ധിയുടെയും (1991) കൊലപാതകങ്ങളെത്തുടർന്ന്, പൊതുജീവിതത്തിലേക്ക് കടന്നുവരാൻ അവർ ആദ്യം വിസമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് കോൺഗ്രസ് പാർട്ടി തകർച്ച നേരിട്ടുകൊണ്ടിരുന്ന 1998-ൽ അവർ രാഷ്‌ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തു. ബിലോംഗിംഗ് എ ജേണി ഓഫ് ലൈഫ് എന്ന സോണിയാഗാന്ധിയുടെ ആത്മകഥ ഹാര്‍പിന്‍ കോളിന്‍സ് നവമ്പര്‍ 10ന് പുറത്തിറക്കും.

നെഹ്‌റു – ഗാന്ധി കുടുംബത്തിലെ വഴിത്തിരവായ സംഭവവികാസങ്ങള്‍, രാജീവ് ഗാന്ധിയുടെ രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനം, ജീവിതത്തിലുണ്ടായ ദുരന്തങ്ങള്‍, 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദവി വേണ്ടെന്ന തീരുമാനം എന്നിവയെല്ലാം ആത്മകഥയില്‍ സോണിയ വിശദീകരിക്കുന്നുണ്ട്. ഇറ്റലിയിലെ തന്റെ കുട്ടിക്കാലം തൊട്ടുള്ള സംഭവവികാസങ്ങളിലൂടെയാണ് സോണിയുടെ ആത്മകഥ ആരംഭിക്കുന്നത്.

1965ല്‍ രാജീവ് ഗാന്ധിയെ പരിചയപ്പെടുന്നതും, വിവാഹവും, മുന്‍ പ്രധാനമന്ത്രിയും ഭര്‍തൃമാതാവായ ഇന്ദിരാ ഗാന്ധിയെ പരിചയപ്പെടുത്തുന്നതും, ഇന്ത്യയിലെ ജീവിതവുമായുള്ള തന്റെ പൊരുത്തപ്പെടുലുമെല്ലാം അവര്‍ ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്. വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധിയുടെ മരണം, ഇന്ദിരാഗാന്ധി വധം, രാജീവ് ഗാന്ധി വധം തുടങ്ങി രാഷ്‌ട്രീയത്തിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും സോണിയ മനസ് തുറക്കുന്നുണ്ട്.



By admin