ന്യൂദല്‍ഹി: നാളെയുടെ സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തുന്നതില്‍ ഭാരതം നവീകരണങ്ങള്‍ കൊണ്ടുവരികയും ലോകത്തിന് നേതൃത്വം നല്‍കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എമര്‍ജിംഗ് സയന്‍സ്, ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ കോണ്‍ക്ലേവില്‍’ സംസാരിക്കവെ, ഭാവിയിലെ സാങ്കേതികവിദ്യകളെ ഭാരതം സ്വീകരിക്കണമെന്നും ധീരമായ നവീകരണങ്ങളിലൂടെ അവ വികസിപ്പിക്കുന്നതില്‍ ലോകത്തിന് വഴികാട്ടിയാകണമെന്നും അദ്ദേഹം പറഞ്ഞു.ശാസ്ത്രീയ ഗവേഷണങ്ങള്‍, കണ്ടുപിടുത്തങ്ങള്‍, നവീകരണത്തിനായുള്ള അഭിവാഞ്ജ എന്നിവയില്‍ അധിഷ്ഠിതമായ ശക്തമായ അടിത്തറയിലായിരിക്കും ‘വികസിത ഭാരതം’ കെട്ടിപ്പടുക്കുക എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
നിര്‍ണായക സാങ്കേതികവിദ്യകളില്‍ സ്വയംപര്യാപ്തത കൈവരിക്കാനും കരുത്ത് ആര്‍ജ്ജിക്കാനുമാണ് ഭാരതം ലക്ഷ്യമിടുന്നത്. പുതിയ ചിന്താഗതിയോടും പുതുതായി കൈവരിച്ച ആത്മവിശ്വാസത്തോടും കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഭാരതത്തിനും ലോകത്തിനും വര്‍ത്തമാനകാലത്തിനും ഭാവി തലമുറകള്‍ക്കുമായി പുതിയ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രദര്‍ശനത്തിന്റെ വിവിധ വിഭാഗങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി, അവിടെയുണ്ടായിരുന്നവരുമായി ആശയവിനിമയം നടത്തി. വിവിധ മേഖലകളിലെ സാങ്കേതിക പുരോഗതികളും അവയുടെ പ്രായോഗിക സാധ്യതകളും എടുത്തുകാണിക്കുന്ന, ‘ഡീപ്-ടെക്’ മേഖലയിലുള്ള ഏകദേശം 150 സ്റ്റാര്‍ട്ടപ്പുകളുടെ സ്റ്റാളുകള്‍ ഈ പ്രദര്‍ശനത്തിലുണ്ട്.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനത്തില്‍ പ്രമുഖ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, നയരൂപീകരണക്കാര്‍, വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പുകള്‍, അന്താരാഷ്‌ട്ര വിദഗ്ധര്‍ എന്നിവര്‍ ഒത്തുചേരുന്നു. ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചും, ശാസ്ത്ര-സാങ്കേതിക-നവീകരണ മേഖലകളില്‍ ഭാരതത്തിന്റെ മുന്‍ഗണനകളെക്കുറിച്ചും ഇവിടെ ചര്‍ച്ചകള്‍ നടക്കും. നിര്‍മ്മിത ബുദ്ധി, ബയോടെക്‌നോളജി, നൂതന സാമഗ്രികള്‍ , നിര്‍മ്മാണ മേഖല, ആരോഗ്യം, ഊര്‍ജ്ജം, കാലാവസ്ഥ, സമുദ്ര ശാസ്ത്രം തുടങ്ങി 12 പ്രധാന വിഷയങ്ങളിലായാണ് ചര്‍ച്ചകള്‍ നടക്കുക. ഗവേഷണ മുന്‍ഗണനകള്‍, രാജ്യത്തിന്റെ ശേഷികള്‍, ശാസ്ത്രീയ മുന്നേറ്റങ്ങളെ പ്രായോഗിക തലത്തിലേക്ക് മാറ്റുക തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.