• Thu. Jul 3rd, 2025

24×7 Live News

Apdin News

താമരശ്ശേരിയിൽ ബിരിയാണിച്ചെമ്പ് വാടകയ്‌ക്കെടുത്ത് വിറ്റ ആൾ പോക്സോ കുറ്റാരോപിതർ, ഇയാളെ പിടികൂടിയപ്പോൾ ലഭിച്ചത്…

Byadmin

Jul 3, 2025


താമരശ്ശേരി: പരപ്പന്‍പൊയിലിലെ വാടകസ്റ്റോറില്‍ നിന്നും ബിരിയാണിച്ചെമ്പുകളും ഉരുളിയുമെല്ലാം വാടകയ്‌ക്ക് എടുത്തുകൊണ്ടുപോയി പൂനൂര്‍ ചീനിമുക്കിലെ ആക്രിക്കടയിൽ വിറ്റ ആളെ പിടികൂടി. എന്നാല്‍, നഷ്ടമായെന്ന് കരുതിയ സാധനങ്ങള്‍ തിരികെക്കിട്ടിയതോടെ വാടകസ്റ്റോര്‍ ഉടമയും മറിച്ചുവിറ്റ സാധനം വാങ്ങി പൊല്ലാപ്പിലായ ആക്രിക്കട ഉടമയും പരാതിയുമായി മുന്നോട്ടു പോവുന്നില്ലെന്ന് നിലപാടെടുത്തതോടെ സംഭവം കേസാക്കാതെ തീര്‍ക്കുകയായിരുന്നു.

താമരശ്ശേരി പോലീസ് ഇടപെട്ട് പാത്രങ്ങള്‍ ചൊവ്വാഴ്ചതന്നെ വാടകസ്റ്റോര്‍ ഉടമയ്‌ക്ക് തിരികെ ലഭ്യമാക്കിയിരുന്നു. ആക്രിക്കടയില്‍ വിറ്റ രണ്ട് ബിരിയാണിച്ചെമ്പിനും രണ്ട് ഉരുളിക്കും പുറമെ, യുവാവ് വാടകയ്‌ക്കെടുത്തിരുന്ന ഓരോ ചട്ടുകവും കോരിയുംകൂടി ഉടമയ്‌ക്ക് തിരികെ കിട്ടി.തട്ടിപ്പ് നടത്തിയ യുവാവ് മുന്‍പ് ഒരു പോക്‌സോ കേസില്‍ കുറ്റാരോപിതനായിരുന്നു. വാടകപ്പാത്രങ്ങള്‍ മറിച്ചുവില്‍ക്കുന്ന തട്ടിപ്പിന് ഇയാള്‍ ദിവസങ്ങള്‍ക്കു മുന്‍പ് തച്ചംപൊയില്‍ ഭാഗത്തെ വാടകസ്റ്റോറിലും ശ്രമം നടത്തിയിരുന്നെങ്കിലും, സംശയം തോന്നിയ സ്റ്റോര്‍ ഉടമ അന്ന് പാത്രങ്ങള്‍ നല്‍കിയിരുന്നില്ല.

കൈതപ്പൊയിലില്‍ ഒരുമാസം മുന്‍പ് അപകടത്തില്‍പ്പെട്ട ബൈക്ക് രണ്ട് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് യന്ത്രഭാഗങ്ങള്‍ ഊരിയെടുത്ത് വില്‍ക്കാനും ദിവസങ്ങള്‍ക്ക് മുന്‍പ് കാരാടിയില്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്വന്തമാണെന്ന് അവകാശപ്പെട്ട് വര്‍ക്ക്ഷോപ്പുകാര്‍ക്ക് വില്‍ക്കാനും യുവാവ് ശ്രമം നടത്തിയതായാണ് വിവരം. അന്നെല്ലാം കൈയോടെ പിടികൂടപ്പെട്ടെങ്കിലും കേസുമായി മുന്നോട്ടുപോവാന്‍ ആരും മുതിരാതിരുന്നതാണ് ഇയാള്‍ക്ക് രക്ഷയായത്.



By admin