തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. 42 വീടുകള്‍ കത്തി നശിച്ചു. എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്. തീപിടുത്തത്തില്‍ ആളപായം ഇല്ല. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ക്കാണ് തീപിടിച്ചത്.
ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് ആദ്യം തീപിടുത്തമുണ്ടായത്. അടുത്തുള്ള 9 വീടുകളിലെ സിലണ്ടറുകളും പൊട്ടിത്തെറിച്ചു. വാടകയ്ക്ക് നല്‍കിയിരുന്ന സാറാ ദേവിയുടേതാണ് വീടുകള്‍.
ബുധനാഴ്ച ഉച്ചയ്ക്ക് 2:45 ഓടെയാണ് സംഭവം നടന്നത്. ആദ്യം ഒരു വീട്ടിലെ പാചക വാതക സിലിണ്ടര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ അടുത്തുള്ള വീടുകളിലേക്ക് പടരുകയുമായിരുന്നു. ഇതോടെ ആ വീടുകളിലെ 9 പാചക വാതക സിലിണ്ടറുകളും ഒന്നിനു പുറകെ ഒന്നായി പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശവാസികള്‍ ഉടനെ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. വിവരം ലഭിച്ചയുടനെ തിരുപ്പൂര്‍ സൗത്ത്, നോര്‍ത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തിരുപ്പൂര്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ടിന്‍ ഷെഡുകള്‍ ഉപയോഗിച്ച് 42 ചെറിയ വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയ ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.