• Fri. Jul 31st, 2026

24×7 Live News

Apdin News

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Byadmin

Jul 31, 2026


കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വര്‍ഷങ്ങള്‍ നീണ്ട ഭരണം കൈവിട്ടുപോയതിലുളള ഇച്ഛാഭംഗം ഇപ്പോഴും വിട്ടുമാറാതെ സി പി എം.സി പി എം ഭരണത്തെ തൂത്തെറിഞ്ഞ് അധികാരത്തിലെത്തിയ ബി ജെ പി പഴയ ഭരണത്തിലെ പല കൊളളരുതാമയ്‌മകളും പൊളിച്ചുകാട്ടാന്‍ തുടങ്ങിയതോടെ എങ്ങനെയും മേയര്‍ വി വി രാജേഷിനെയും സഹപ്രവര്‍ത്തകരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കാനുളള നീക്കമാണ് നടത്തുന്നത്.മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ് പി ദീപക് ഹൈക്കോടതിയെ സമീപിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

ഹൈക്കോടതി നേരത്തേ സത്യപ്രതിജ്ഞ അസാധുവാക്കിയ കൗണ്‍സിലര്‍മാരാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതെന്നും ഈ വോട്ട് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് പേട്ട കൗണ്‍സിലര്‍ കൂടിയായ എസ് പി ദീപകിന്റെ വാദം. കൗണ്‍സിലര്‍മാരുടെ ഇതുവരെയുള്ള നടപടികള്‍ക്കുള്ള നിയമ സംരക്ഷണം കോടതി റദ്ദാക്കണമെന്നും അധികാരമില്ലാത്ത ബിജെപി കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്തത് മുനിസിപ്പല്‍ ആക്ടിന് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കും നോട്ടീസ് അയച്ച കോടതി, മൂന്നാഴ്ചയ്‌ക്കകം മറുപടി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

അവരവര്‍ വിശ്വസിക്കുന്ന വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ എസ് പി ദീപക്കിന്റെ തന്നെ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തേ അസാധുവാക്കിയിരുന്നു. നാല് ആഴ്ചക്കകം അംഗങ്ങള്‍ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗണ്‍സില്‍ അംഗമെന്ന അധികാരമുണ്ടാകില്ലെന്നുമായിരുന്നു കോടതി ഉത്തരവിട്ടത്. ദൃഢപ്രതിജ്ഞയോ, ദൈവനാമത്തിലോ വേണം സത്യപ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ ചടങ്ങളില്‍ നിര്‍വചനമില്ലെന്നും കോടതി പറഞ്ഞു.തുടര്‍ന്ന് ഉത്തരവ് പുറത്തിറങ്ങിയ ദിവസം തന്നെ ഈ കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. കാപ്പ കേസില്‍ കുടുക്കി വിയ്യൂര്‍ ജയിലില്‍ അടച്ച സുഗതന്‍ കോടതി അനുമതിയോടെ ജയിലില്‍ വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഇതര മതസ്ഥര്‍ അവര്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും അതില്‍ സി പി എമ്മിനോ എസ് പി ദീപക്കിനോ പരാതിയില്ലാത്തതിലെ ഇരട്ടത്താപ്പ് സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു.

 



By admin