• Thu. Jul 3rd, 2025

24×7 Live News

Apdin News

തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കും; വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കുന്നു: രാജീവ് ചന്ദ്രശേഖർ

Byadmin

Jul 2, 2025


ന്യൂദൽഹി: തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഇക്കാര്യത്തിലുള്ള ഉറപ്പ് കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചതായും സെന്റർ പൂട്ടുമെന്ന പ്രചാരണം തെറ്റാണെന്നും രാജീവ് ചന്ദ്രശേഖർ ദൽഹിയിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചു.

തിരുവനന്തപുരത്തുള്ള ബ്രഹ്മോസ് സെന്റർ (ബിഎടിഎൽ) കേന്ദ്രസർക്കാരിന്റെയും റഷ്യൻ സർക്കാരിന്റേയും സംയുക്ത സംരംഭമാണ്. അത് ഡിആർഡിഒയുടെ നേരിട്ടുള്ള കീഴിലേക്ക് മാറും. നിലവിൽ അവിടുള്ള ജീവനക്കാർ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റേയും ഡിആർഡിഒയുടേയും ജീവനക്കാരായി മാറും. നരേന്ദ്രമോദി സർക്കാരിന്റെ ആത്മനിർഭര ഭാരതം എന്ന ലക്ഷ്യത്തിന് വലിയ മുതൽക്കൂട്ടാണ് ബ്രഹ്മോസ് എയറോസ്പേസ് തിരുവനന്തപുരം.

ഡിആർഡിഒയ്‌ക്ക് കീഴിലേക്ക് വരുന്നതോടെ ബ്രഹ്മോസ് സെന്റർ അതിന്റെ മുഴുവൻ ശേഷിയും കൈവരിക്കും. രാജ്യത്തിന്റെ തന്ത്രപ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന സുപ്രധാന കേന്ദ്രമായി തിരുവനന്തപുരം സെന്റർ മാറും. സെന്ററിലെ ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടും എന്നതൊക്കെ തെറ്റിദ്ധാരണാജനകമായ വാർത്തകളാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

സെന്റർ പൂടുകയാണെന്ന് ഐഎൻടിയുസി, എഐടിയുസി യൂണിയനുകളാണ് മാധ്യമങ്ങൾക്ക് വാർത്ത നൽകിയതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.



By admin