തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ ബോംബ് ഭീഷണിക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ നിതിന്‍ ശര്‍മ എന്ന യുവാവിനെ മൈസൂര്‍ പൊലീസാണ് പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സൈബര്‍ പോലീസിന് കൈമാറി. ഇമെയില്‍ വഴിയാണ് തിരുവനന്തപുരത്തെ തന്ത്രപ്രധാനമായ മേഖലകളിലെല്ലാം ഇയാള്‍ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളയച്ചത്.
സംസ്ഥാനത്തുണ്ടായ നാല്‍പ്പത് വ്യാജ ബോംബ് ഭീഷണികളില്‍ അഞ്ചെണ്ണം നിതിന്‍ ശര്‍മ്മ നടത്തിയതാണെന്ന് പോലീസ് കണ്ടെത്തി. ഇമെയില്‍ വഴിയായിരുന്നു ബോംബ് ഭീഷണി സന്ദേശങ്ങളെല്ലാം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഡോഗ് സ്‌ക്വാഡിനെയടക്കം കൊണ്ടുവന്ന് പരിശോധന നടത്തുകയും ബോംബില്ല എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. നേരത്തെ വ്യാജ ബോംബ് ഭീഷണികളയച്ച് ഇയാള്‍ ജമ്മു കശ്മീര്‍ പോലീസിനെയും വട്ടംചുറ്റിച്ചിട്ടുണ്ടെന്നാണ് വിവരം.
തിരുവനന്തപുരം വിമാനത്താവളവും രാജ് ഭവനും മുതല്‍ പോലീസ് സ്റ്റേഷനിലടക്കം വ്യാജ സന്ദേശങ്ങള്‍ വന്നിരുന്നു. കൂടുതല്‍ ഇമെയിലുകള്‍ അയച്ചത് ഇയാളാണോ എന്നതിലും വ്യാജ സന്ദേശങ്ങള്‍ അയക്കാന്‍ സംഘങ്ങളുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്.അറസ്റ്റിലായ യുവാവിന് തീവ്രവാദ ബന്ധമൊന്നുമില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജമ്മു കശ്മീരിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടോ എന്നതടക്കം പരിശോധിക്കും. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ ഡാറ്റ സൈബര്‍ പൊലീസ് ശേഖരിച്ച് പരിശോധിക്കും. ഉടന്‍ തന്നെ ഇയാളുടെ മെഡിക്കല്‍ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.